അമ്പത്തേഴാം വയസിൽ അനാർക്കലിക്ക് ഇരട്ടകുട്ടികൾ; പന്ന ടൈഗർ റിസർവിൽ അപൂർവ കാഴ്ച

ഭോപ്പാൽ: മധ്യപ്രദേശിൽ അമ്പത്തേഴുകാരി അനാർക്കലി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. പന്ന ടൈഗർ റിസർവിലാണ് അനാർക്കലി എന്ന ആന രണ്ട് പിടിയാനക്കുട്ടികളെ പ്രസവിച്ചത്. മൃഗഡോക്ടർമാരുടെയും വന്യജീവി വിദഗ്ധരുടെയും പരിചരണത്തിൽ ഏകദേശം മൂന്ന് മണിക്കൂർ വ്യത്യാസത്തിലാണ് രണ്ട് കുട്ടിയാനകളും ജനിച്ചത്. അമ്മയാനയും കുട്ടികളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.
അപൂർവവുമായാണ് ആനകളിൽ ഇരട്ട കുഞ്ഞുങ്ങൾ ജനിക്കുന്നത്. കടുവകളുടെ സംരക്ഷണ കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ആനകളുടെ ശക്തമായ സാന്നിധ്യം പന്ന ടൈഗർ റിസർവിലുണ്ട്. അനാർക്കലി രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ റിസർവിലെ ആകെ ആനകളുടെ എണ്ണം 21 ആയി. റിസർവിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരട്ട കുട്ടിയാനകൾ ജനിക്കുന്നത്.
അനാർക്കലിക്ക് പ്രത്യേക പരിചരണം നൽകാൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. കഞ്ഞി, കരിമ്പ്, ശർക്കര, ശുദ്ധമായ നെയ്യ്, ലഡ്ഡു എന്നിവയുൾപ്പെടെ ഉയർന്ന പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നുണ്ട്. കുട്ടിയാനകളുടെ പരിചരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
1986ലാണ് അനാർക്കലിയെ പന്ന ടൈഗർ റിസർവിലേക്ക് എത്തിക്കുന്നത്. ഇതുവരെ ആറ് കുഞ്ഞുങ്ങൾക്ക് അനാർക്കലി ജന്മം നൽകിയിട്ടുണ്ട്. ആദ്യമായാണ് ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നത്.








0 comments