വിഷവായു ശ്വസിച്ച് ഡൽഹി; ബുധൻ വരെ വായു ഗുണനിലവാര സൂചിക 'വളരെ മോശ'ത്തിൽ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം ഞായറാഴ്ചയും വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തന്നെ തുടരുകയാണ്. വായു ഗുണനിലവാര സൂചിക (എക്യുഐ) 391 ആയി രേഖപ്പെടുത്തി. സിപിസിബി കണക്ക് പ്രകാരം, ഡൽഹിയിലെ 19 മോണിറ്ററിംഗ് സ്റ്റേഷനുകൾ 'ഗുരുതരമായ' വായു ഗുണനിലവാരം റിപ്പോർട്ട് ചെയ്തു. 19 സ്റ്റേഷനുകളിൽ 300 ന് മുകളിലുള്ള റീഡിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് 'വളരെ മോശം' ഗുണനിലവാരമാണ് വ്യക്തമാക്കുന്നത്.
എയർ ക്വാളിറ്റി ഏർലി വാണിംഗ് സിസ്റ്റം അനുസരിച്ച് ബുധനാഴ്ച വരെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടരും. സിപിസിബി കണക്കനുസരിച്ച്, 0 നും 50 നും ഇടയിലുള്ള AQI 'നല്ലത്' എന്നും, 51 മുതൽ 100 വരെ 'തൃപ്തികരം' എന്നും, 101 മുതൽ 200 വരെ 'മിതമായത്' എന്നും, 201 മുതൽ 300 വരെ 'മോശം' എന്നും, 301 മുതൽ 400 വരെ 'വളരെ മോശം' എന്നും, 401 മുതൽ 500 വരെ 'ഗുരുതരം' എന്നും കണക്കാക്കപ്പെടുന്നു. ഡൽഹിയിൽ പരമാവധി താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 10.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇത് സീസണിലെ ശരാശരിയേക്കാൾ ഒരു ഡിഗ്രി കുറവാണെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ഞായർ വൈകിട്ട് അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് 68 ശതമാനമായി രേഖപ്പെടുത്തി. തിങ്കളാഴ്ച മിതമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 10 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎംഡി വ്യക്തമാക്കി.








0 comments