മധ്യവയസ്കൻ കുത്തേറ്റ് മരിച്ച നിലയിൽ

എറണാകുളം : മധ്യവയസ്‌കനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജനെ (57) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സഹോദരിഭർത്താവ് തൊഴുത്തിങ്കൽ സുകുമാരനെ (68) പോത്താനിക്കാട് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഞായർ രാവിലെ വോട്ട് അഭ്യർഥിച്ചെത്തിയവരാണ് ജനലിലൂടെ മൃതദേഹം കണ്ടത്. മുറിയിൽ കട്ടിലിനുസമീപം നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. ജനലിലൂടെ കയ്യിട്ട് രാജന്റെ വയറ്റിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. വയർ തുളഞ്ഞ് കത്തി പിൻഭാഗത്തെത്തി രക്‌തം വാർന്നാണ് മരണം സംഭവിച്ചത്.
രാജൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. രാജന്റെ വീടിനുസമീപമാണ് സുകുമാരന്റെയും വീട്. ഇരുവരും ചേർന്ന് പതിവായി മദ്യപിക്കുമായിരുന്നു. ശനിയാഴ്‌ച പകൽ ഇവർ തമ്മിൽ വഴക്കുണ്ടായതായി പറയുന്നു. സുകുമാരനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. രാജന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്‌ച സംസ്കരിക്കും. ഭാര്യ: മല്ലിക.








0 comments