സംസ്ഥാനങ്ങളിൽ ഉടൻ വൈദ്യുതി നിരക്കുകൾ വർധിപ്പിക്കും , സബ്‌സിഡി പൂർണമായും നിർത്തും
print edition വീണ്ടും മോദിസർക്കാരിന്റെ ജനദ്രോഹം ; വൈദ്യുതിനിരക്ക് വർഷംതോറും കൂട്ടും

ന്യൂഡൽഹി
വൈദ്യുതി നിരക്കുകൾ അടിക്കടി കൂട്ടാനുള്ള വ്യവസ്ഥകൾ മുന്നോട്ടുവച്ച് മോദിസർക്കാരിന്റെ പുതിയ വൈദ്യുതി നയം. വർഷംതോറും വൈദ്യുതി നിരക്കുകൾ പുതുക്കി നിശ്ചയിക്കണം, സബ്‌സിഡികൾ കർശനമായി നിയന്ത്രിക്കണം തുടങ്ങിയ നിർദേശങ്ങളാണ് മോദിസർക്കാരിന്റെ നാഷണൽ ഇലക്‌ട്രിസിറ്റി പോളിസി (എൻഇപി–2026) കരടിലുള്ളത്. പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ജൂലൈയിൽതന്നെ നിരക്കുകൾ വർധിപ്പിച്ചേക്കും. ഏതെങ്കിലും ഒരു സുസ്ഥിര സൂചികയുമായി ബന്ധപ്പെടുത്തി വൈദ്യുതി നിരക്ക് വർഷംതോറും വർധിപ്പിക്കണമെന്നാണ് ദേശീയനയത്തിലെ പ്രധാന നിർദേശം. പല സംസ്ഥാനങ്ങളും ‘രാഷ്‌ട്രീയപ്രേരിതമായി’ നിരക്ക് കൂട്ടാത്തതിനാൽ ഉണ്ടാകുന്ന വലിയ നഷ്‌ടങ്ങൾ മറികടക്കാനാണ് വർഷംതോറുമുള്ള പുനക്രമീകരണമെന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നതെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
നിലവിൽ പല സംസ്ഥാനങ്ങളിലും വിതരണകന്പനികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരാതിപ്പെട്ടിട്ടുമാണ് വൈദ്യുതി നിരക്കുകൾ പുനക്രമീകരിക്കുന്നത്. ഇപ്പോൾ നിരക്ക് വർധന ശുപാർശ ചെയ്‌താലും മാസങ്ങളും വർഷങ്ങളും കഴിഞ്ഞാണ് തീരുമാനമെടുക്കുന്നത്. ഇൗ കാലതാമസം ഉൗർജവിതരണമേഖലയെ കടക്കെണിയിലാക്കുകയാണെന്നും കേന്ദ്രസർക്കാർ പറയുന്നു. യഥാർഥത്തിലുള്ള ചെലവുകൾ പ്രതിഫലിക്കുന്ന രീതിയിലുള്ള നിരക്ക് നിശ്ചയിക്കലാണ് വേണ്ടതെന്നും സബ്‌സിഡികളുടെ ചെലവുകൾ സംസ്ഥാനങ്ങൾ കൃത്യമായി അടയ്‌ക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കാതെ ആർക്കും ‘സൗജന്യവൈദ്യുതി’ നൽകരുതെന്നും കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർലാൽ ഖട്ടർ ഉൗർജവിതരണ കന്പനികൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വൈദ്യുതി വിതരണത്തിലെ ക്രോസ് സബ്‌സിഡി പൂർണമായും ഇല്ലാതാക്കാനാണ് ശുപാർശ. കാർഷികമേഖലയ്‌ക്കും ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവർക്കും ചെറുകിട വ്യവസായ ഉപയോക്താക്കൾക്കുമുള്ള ഇളവുകൾ ഇതോടെ പൂർണമായും ഇല്ലാതാകും. കൽക്കരി മേഖല സമീപഭാവിയിൽതന്നെ പ്രതിസന്ധിയിലാകുമെന്നതിനാൽ സ്വകാര്യ മേഖലയുടെകൂടി പിന്തുണയോടെ ആണവോർജത്തിന്റെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്യാനും പ്രീപെയ്‌ഡ് സ്‌മാർട്ട് മീറ്ററുകൾ വ്യാപകമാക്കാനും എൻഇപി ശുപാർശ ചെയ്‌തിട്ടുണ്ട്. 2003ലെ വൈദ്യുതിനിയമത്തിന്റെ അടിസ്ഥാനത്തിൽ 2005ൽ കേന്ദ്രസർക്കാർ ദേശീയ വൈദ്യുതി നയം രൂപീകരിച്ചിരുന്നു. കാലാനുസൃതമായ വെല്ലുവിളികൾ നേരിടാനെന്ന പേരിലാണ് പുതിയ നയം. നയത്തിന്റെ കരടിൽ പൊതുജനങ്ങൾക്കും അഭിപ്രായനിർദേശങ്ങൾ രേഖപ്പെടുത്താം.










0 comments