print edition എസ്‌ഐആർ: 4 സംസ്ഥാനങ്ങളിലായി 22.5 ലക്ഷം വോട്ടർമാർ പുറത്ത്


സ്വന്തം ലേഖകൻ
Published on Jul 06, 2026, 12:53 AM | 1 min read
ന്യൂഡൽഹി: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ(എസ്‌ഐആർ) ഭാഗമായി നാല് സംസ്ഥാനങ്ങളിൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 22.5 ലക്ഷം വോട്ടർമാർ പുറത്ത്. മണിപ്പുർ, സിക്കിം, ഒഡിഷ, മിസോറം എന്നിവടങ്ങളിലെ ആകെ വോട്ടർമാരുടെ 6.12 ശതമാനവും പട്ടികയ്ക്ക് പുറത്തായി. ആകെ 3.68 കോടി വോട്ടർമാരാണ് നാല് സംസ്ഥാനങ്ങളിലുമായി ഉണ്ടായിരുന്നത്. കരട് പട്ടിക പുറത്തുവന്നപ്പോൾ 3.45 കോടിയായി കുറഞ്ഞു.
ഒഡിഷയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ പുറന്തള്ളിയത്– 20.12 ലക്ഷം. നിലവിലുണ്ടായിരുന്ന വോട്ടർപട്ടികയിലുള്ളവരുടെ എണ്ണത്തിന്റെ 6.02 ശതമാനമാണിത്. മണിപ്പുരിൽ 1.58 ലക്ഷം (7.5 ശതമാനം) പേരാണ് പുറത്തായത്. മിസോറമിൽ 46,162 പേരും (5.2 ശതമാനം) സിക്കിമിലെ 37,724 (8 ശതമാനം) വോട്ടർമാരും പട്ടികയിലുൾപ്പെട്ടില്ല. സെപ്‌തംബർ ആറിനാണ് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുക. പതിനാറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ മൂന്നാംഘട്ടം പുരോഗമിക്കുന്നത്. ആദ്യ രണ്ട് ഘട്ടം പൂർത്തിയായ പതിമൂന്നിടങ്ങളിൽ 5.8 കോടി വോട്ടർമാരാണ് പട്ടികയിൽനിന്ന് പുറത്തായത്.











0 comments