ഒരു അധികാരവും സ്വതന്ത്രമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡൽഹി:ഒരു അധികാരവും സ്വതന്ത്രമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വാക്കാൽ ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി. തീവ്ര വോട്ടർപട്ടിക പരിഷ്കരണകേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെയാണ് വാക്കുകൾ. വോട്ടർപട്ടിക പരിഷ്കരിക്കാനുള്ള തങ്ങളുടെ അധികാരാവകാശങ്ങളെ കുറിച്ച് കമ്മീഷൻ വാചാലമായപ്പോഴാണ് കോടതിയുടെ ഓര്‍മ്മപ്പെടുത്തൽ.
ജനപ്രാതിനിധ്യ നിയമം നൽകുന്ന അവകാശങ്ങളിൽ നിന്നും വ്യതിചലിച്ചാണോ തെരഞ്ഞെടുപ്പ് കമ്മിഷൻ എസ്‌ഐആർ നടപടികളുമായി മുന്നോട്ടുപോകുന്നത് എന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
വോട്ടർപട്ടികയുടെ സ്ഥിരവും കൃത്യമായ ഇടവേളകളിലെയും പരിഷ്കരണത്തിനും,ഇതോടൊപ്പം ഏതുസമയത്തും പ്രത്യേക തീവ്ര പരിഷ്കരണം (SIR) നടത്തുന്നതിനും തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദം മുന്നോട്ട് വെച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ21-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പ് ഇതിനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നും അവകാശപ്പെട്ടു. ഇതിലായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. കേസ് വ്യാഴാഴ്ചയും തുടരും.
വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് സുപ്രീംകോടതി കമ്മീഷനെ ഓര്‍മ്മപ്പെടുത്തി. പൗരാവകാശത്തെ ബാധിക്കുന്നെങ്കിൽ എന്തുകൊണ്ട് ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുകൂടെന്ന് കോടതി ചോദിച്ചു.
ചട്ടത്തിനപ്പുറത്തേക്ക് പോകാൻ നിയമത്തിലെ വകുപ്പുകൾ കമ്മിഷന് അധികാരം നൽകുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാനുള്ള സ്വാതന്ത്ര്യം മൂന്നാം ഉപവകുപ്പ് നൽകുന്നുണ്ടെന്ന്കമ്മീഷന് വേണ്ടി ഹാജരായമുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു.
അനിയന്ത്രിതമായ കുതിര എന്ന രൂപകമാണ് കോടതി ഉപയോഗിച്ചത്. ഇസിഐ-ക്ക് വിശാലമായ വിവേചനാധികാരമുണ്ടെങ്കിലും, അതിന്റെ അധികാരങ്ങൾ "ഒരു അനിയന്ത്രിതമായ കുതിരയെപ്പോലെ" ആകാൻ കഴിയില്ലെന്നും അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അഭിപ്രായപ്പെട്ടു.
ഒരു പ്രത്യേക പരിഷ്കരണ സമയത്ത് വോട്ടർമാരെ നീക്കം ചെയ്യുന്നത് ഗുരുതരമായ സിവിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത് വോട്ട് ചെയ്യാനുള്ള പൗരരുടെ മൗലികാവകാശത്തെ ബാധിക്കുമെന്നും അതിനാൽ സുതാര്യവും സ്ഥാപിതവുമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും കോടതി എടുത്തുകാട്ടി.
എസ്‌ഐആർ പ്രക്രിയയിൽ, ഫോം 6 ന് ഏഴ് രേഖകൾ മാത്രമേ ആവശ്യമുള്ളൂ എന്നിരിക്കെ, വോട്ടർ പരിശോധനയ്ക്കായി ഇസിഐ എന്തിനാണ് 11 രേഖകൾ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചോദിച്ചു. ഇസിഐക്ക് സ്ഥാപിത നിയമങ്ങൾ വെറുതെ തള്ളിക്കളയാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി.
ഇസിഐ ഇതിനെതിരായ നിലപാട് അവതരിപ്പിച്ചു. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21(3), ക്ലീൻ റോൾ ഉറപ്പാക്കുന്നതിന് "ഉചിതമെന്ന് തോന്നുന്ന രീതിയിൽ" പുനരവലോകനങ്ങൾ നടത്താൻ അവർക്ക് അധികാരം നൽകുന്നുവെന്ന് വാദിച്ചു.
എസ്‌ഐആറിന് കീഴിലുള്ള ഇസിഐയുടെ നടപടികൾ ക്രമപരമായ നീതിയെ ലംഘിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.










0 comments