ad
Deshabhimani

print edition തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; സുപ്രീംകോടതിയിൽ ഭിന്നവിധി

Manipur Violence

സുപ്രീംകോടതി

വെബ് ഡെസ്ക്

Published on Sep 24, 2026, 01:12 AM | 1 min read

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ വിവാദ നിയമഭേദഗതിയുടെ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിന്‌ വിടുന്നതിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി. കേസ് വിശാല ബെഞ്ചിന് വിടണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ജസ്റ്റിസ് ദീപാങ്കർ ദത്ത തള്ളിയപ്പോൾ, വിടാമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ നിലപാടെടുത്തു.


എന്നാൽ കാലതാമസം ഒഴിവാക്കാൻ പര്യാപ്തമായ സ്ഥിരമായ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിനോട് ഇരുജഡ്‌ജിമാരും അഭ്യർഥിച്ചു. ചീഫ്ജസ്റ്റിസ് അഞ്ചോ ഏഴോ അംഗങ്ങളുള്ള ബെഞ്ച് രൂപീകരിച്ചേക്കും. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവരടങ്ങുന്ന സമിതിയിൽ നിന്ന് ​ചീഫ്‌ ജസ്‌റ്റിസിനെ പുറത്താക്കി പകരം ക്യാബിനറ്റ്‌ മന്ത്രിയെ ഉൾപ്പെടുത്തിയ സമിതിയുടെ ഘടന, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമീഷൻ രൂപീകരിക്കില്ലെന്ന രൂക്ഷ വിമർശമാണ് ജസ്‌റ്റിസ്‌ ദത്ത നടത്തിയത്. പ്രഥമദൃഷ്ട്യാ എക്സിക്യൂട്ടീവിന് വീറ്റോ നൽകുന്നതാണ്‌ ഈ ഘടന.


കമീഷൻ സ്വതന്ത്രമായാൽ മാത്രം പോരാ അത് സ്വതന്ത്രമാണെന്ന് തോന്നണം. പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന മന്ത്രി പ്രധാനമന്ത്രിയെ ധിക്കരിക്കുമെന്ന്‌ കരുതുക വയ്യ. പ്രധാനമന്ത്രിയെ എതിർക്കുന്നതിൽ നിന്ന്‌ മന്ത്രിയെ ക്യാബിനറ്റിന്റെ കൂട്ടുത്തരവാദിത്തം തടയുന്നു. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം വെറും അലങ്കാരമാണ്‌. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ അമ്പയറെ തെരഞ്ഞെടുക്കുന്നതുപോലെയാണ്‌ ഇതെന്നും ജസ്‌റ്റിസ്‌ ദത്ത വിമർശിച്ചു.


കമീഷൻ നിയമനം സർക്കാരിൽ നിന്ന്‌ സ്വതന്ത്രമായിരിക്കണമെന്ന അഞ്ചംഗ ബെഞ്ചിന്റെ വിധിയുള്ളതിനാൽ ഹർജികൾ വിശാലബെഞ്ചിലേയ്‌ക്ക്‌ വിടേണ്ടതില്ലെന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. ഭരണഘടനയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള നിയമപരമായ ചോദ്യമുള്ളതിനാൽ വിശാലബെഞ്ചിലേയ്‌ക്ക്‌ പോകട്ടെയെന്നാന്നായിരുന്നു ജസ്‌റ്റിസ്‌ ശർമയുടെ വിധി.

ഹർജികളിൽ അന്തിമ വാദം നടക്കവേ മാത്രമാണ്‌ വിശാല ബെഞ്ച്‌ എന്ന ആവശ്യം കേന്ദ്രസർക്കാർ ഉന്നയിച്ചത്‌. ഇതിനെ ഹർജിക്കാരും ജസ്‌റ്റിസ്‌ ദത്തയും ശക്തമായി എതിർത്തു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ വാദിക്കാൻ തയ്യാറാകാത്ത കേന്ദ്രസർക്കാരിനെ ദത്ത രൂക്ഷമായി വിമർശിച്ചു. 2023ലാണ്‌ സുപ്രീംകോടതി വിധി മറികടന്നുള്ള നിയമദേഭഗതി കേന്ദ്രസർക്കാർ പാസാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home