print edition എസ്‌ഐആറില്‍ പേരുവെട്ടിയാൽ പൗരത്വം നഷ്‌ടപ്പെടില്ല; ഇടപെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന (എസ്‌ഐആർ)യിൽ പേര് നീക്കപ്പെടുന്നവരുടെ പൗരത്വം യാന്ത്രികമായി നഷ്‌ടപ്പെടില്ലെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി. പൗരത്വം തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമീഷനില്ലെന്നും അത് പൗരത്വ നിയമപ്രകാരം കേന്ദ്രസർക്കാരാണ് നിശ്ചയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. പേര് നീക്കപ്പെട്ടതിനെതിരെ ബംഗാളിൽ 34 ലക്ഷം അപ്പീല്‍ കെട്ടിക്കിടക്കുകയാണെന്നും അതിവേഗം പരിഗണിക്കാൻ ട്രൈബ്യൂണലുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട ഹർജിയിലാണ് നിരീക്ഷണം. പേരുവെട്ടിയതോടെ റേഷൻ അടക്കം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ബിഹാർ എസ്‌ഐആർ കേസിൽ വോട്ടർപ്പട്ടികയിൽനിന്ന് പേര് നീക്കപ്പെട്ടവരുടെ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കമീഷൻ റഫർ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്‌തില്ലെങ്കിൽ പൗരത്വ പദവി തുടരണം. പൗരത്വ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് പരിശോധിച്ച് ഉത്തരവിടേണ്ടത്. കമീഷന്റെ അധികാരം വോട്ടർപ്പട്ടികയെ സംബബന്ധിച്ച് മാത്രമാണ്. പേര് നീക്കപ്പെടുന്നവരുടെ പൗരത്വം യാന്ത്രികമായി ഇല്ലാതാകില്ല –ബെഞ്ച് നിരീക്ഷിച്ചു.











0 comments