ad
Deshabhimani

print edition ഫെബ്രുവരി 12ലെ പണിമുടക്ക്‌ ; ചെറുത്തുനിൽപ്പിന്റെ 
പുതുതുടക്കം : എളമരം കരീം

elamaram kareem interview
വെബ് ഡെസ്ക്

Published on Jan 31, 2026, 03:40 AM | 1 min read


ന്യൂഡൽഹി

ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ചെറുത്തുനിൽപ്പിന്റെ പുതുയുഗമാണ്‌ ഫെബ്രുവരി 12ലെ രാജ്യവ്യാപക പണിമുടക്കിലൂടെ തുടങ്ങുന്നതെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. വർധിച്ച ആവേശത്തിലാണ്‌ തയ്യാറെടുപ്പുകൾ നടക്കുന്നത്‌. കേന്ദ്രട്രേഡ്‌ യൂ‍ണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന്‌ വാർത്താസമ്മേളനത്തിൽ കരീം പറഞ്ഞു.


മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനതല കൺവൻഷനുകൾ, യൂണിറ്റ്‌ യോഗങ്ങൾ എന്നിവയും പ്രചാരണ പരിപാടികളും നടന്നുവരുന്നു. പണിമുടക്ക്‌ ദിവസം സിഐടിയു 2000 കേന്ദ്രങ്ങളിൽ കൂട്ടായ്‌മ സംഘടിപ്പിക്കും. തൊഴിലാളിവിരുദ്ധമായ നാല്‌ തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നാണ്‌ പണിമുടക്കിൽ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. തൊഴിലുറപ്പ്‌ അട്ടിമറിച്ചുള്ള വിബിജിആർഎഎംജി ബിൽ, വൈദ്യുതി ഭേദഗതി ബിൽ, സബ്‌കാ ബീമാ സബ്‌കി സുരക്ഷ ബിൽ, വികസിത്‌ ഭാരത്‌ ശിക്ഷാ അധിഷ്‌ഠാൻ ബിൽ എന്നിവ പിൻവലിക്കണമെന്നും ആവശ്യപ്പെടും. സംയുക്ത കിസാൻ മോർച്ചയും കർഷകത്തൊഴിലാളി സംഘടനകളും പിന്തുണയ്‌ക്കും. ബാങ്ക്‌, ഇൻഷുറൻസ്‌ മേഖലയിൽ ജോലി ചെയ്യുന്നവർ, പ്രതിരോധ മേഖലയിലെ ജീവനക്കാർ, കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർ, വൈദ്യുതി മേഖല ജീവനക്കാർ എന്നിവരും പണിമുടക്ക്‌ നോട്ടീസ്‌ നൽകിക്കഴിഞ്ഞു.


മാധ്യമപ്രവർത്തകരും പണിമുടക്കിന്‌ പിന്തുണ നൽകണം. മാധ്യമപ്രവർത്തകരും തൊഴിൽ കോഡുകളുടെ ഇരകളാണെന്നും കേരളത്തിലെ മാധ്യമം‍, മംഗളം പത്രങ്ങളിലെ ജീവനക്കാർ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ സമരത്തിലാണെന്നും എളമരം കരീം പറഞ്ഞു. സിഐടിയു പ്രസിഡന്റ്‌ സുദീപ്‌ ദത്ത‍, വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home