സിബിഎസ്ഇ പുനർമൂല്യനിർണയം; പോർട്ടൽ വഴി 40,000 വിദ്യാർത്ഥികൾ അപേക്ഷ പൂർത്തിയാക്കി

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ ഫലത്തിൽ അതൃപ്തിയുള്ള വിദ്യാർത്ഥികൾക്കായി സിബിഎസ്ഇ ആരംഭിച്ച പുനർമൂല്യനിർണ്ണയ പോർട്ടൽ വഴിയുള്ള അപേക്ഷാ പ്രക്രിയ വിജയകരമായി മുന്നോട്ട്.
ആദ്യദിനങ്ങളിൽ നേരിട്ട കടുത്ത സാങ്കേതിക തടസ്സങ്ങളെയും സൈബർ ആക്രമണങ്ങളെയും അതിജീവിച്ച് ബുധനാഴ്ച (ജൂൺ 3) രാവിലെയോടെ നാൽപ്പതിനായിരത്തോളം വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചതായി സിബിഎസ്ഇ അധികൃതർ അറിയിച്ചു.
പരീക്ഷാ മൂല്യനിർണ്ണയത്തിനായി സിബിഎസ്ഇ ഉപയോഗിച്ച 'ഓൺ-സ്ക്രീൻ മാർക്കിങ്' രീതിക്കെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ജൂൺ 2-ന് പുനർമൂല്യനിർണ്ണയത്തിനുള്ള ഓൺലൈൻ പോർട്ടൽ ലൈവാക്കിയത്.
എന്നാൽ പോർട്ടൽ പ്രവർത്തനമാരംഭിച്ച ആദ്യ രണ്ട് മിനിറ്റിനുള്ളിൽ 1.5 ദശലക്ഷം ഹിറ്റുകൾ രേഖപ്പെടുത്തിയ കടുത്ത 'ഡിനയൽ-ഓഫ്-സർവീസ്' സൈബർ ആക്രമണവും, ഒരു ലക്ഷത്തിലധികം തവണ അനധികൃതമായി ഫയലുകൾ ആക്സസ് ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടായതായി ബോർഡ് വെളിപ്പെടുത്തി.
ഇത് സൈറ്റിൽ തകരാറുകൾക്കും പേയ്മെന്റ് പരാജയങ്ങൾക്കും കാരണമായിരുന്നു. തുടർന്ന് സെഷൻ സമയപരിധി നീട്ടുന്നതുൾപ്പെടെയുള്ള വിപുലമായ സുരക്ഷാ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയാണ് പോർട്ടൽ പൂർണ്ണ സജ്ജമാക്കിയത്.
തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും കൃത്യമായ വിവരങ്ങൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും ബോർഡ് വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ഒപ്പം മൂല്യനിർണ്ണയ വിവാദങ്ങളെ തുടർന്ന് സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും സ്ഥാനത്തുനിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.










0 comments