ad
Deshabhimani

ക്രിപ്റ്റോകറൻസി വഴി കള്ളപ്പണം വെളുപ്പിക്കൽ

കർണാടകയിൽ കോൺ​ഗ്രസ് എംഎൽഎയുടെ മക്കളുടെ വീട്ടിൽ ഇ ഡി റെയ്ഡ്

N A Haris

കോൺ​ഗ്രസ് എംഎൽഎ എൻ എ ഹാരിസ് (വലത്)

വെബ് ഡെസ്ക്

Published on Apr 20, 2026, 03:51 PM | 1 min read

ബം​ഗളൂരു: കർണാടകയിൽ കോൺ​ഗ്രസ് എംഎൽഎയുടെ മക്കളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ്. ക്രിപ്റ്റോകറൻസി വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇ ഡി റെയ്ഡ് നടത്തിയത്. ബംഗളൂരുവിലെ ശാന്തിനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ എൻ എ ഹാരിസിന്റെ മക്കളായ മൊഹമദ് ഹാരിസ് നാലപ്പാട്, ഒമർ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകൾ ഉൾപ്പടെ 12 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. സിആർപിഎഫിന്റെ അകമ്പടിയോടെയായിരുന്നു റെയ്ഡ്.


ദേശീയ-അന്തർദേശീയ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുക, ബിറ്റ്‌കോയിനുകൾ മോഷ്ടിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക, എൻഡിപിഎസ് (NDPS) നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് കർണാടക പൊലീസ് ഫയൽ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളുടെയും (FIR) കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


"ബംഗളൂരുവിലെ ശാന്തിനഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ എൻ എ ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഉമർ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വസതികളിലും പരിശോധന നടക്കുന്നുണ്ട്. 2002-ലെ പിഎംഎൽഎ (PMLA) നിയമപ്രകാരമുള്ള അന്വേഷണത്തിൽ മുഹമ്മദ് ഹാരിസ് നാലപ്പാടും ഉമർ ഫാറൂഖ് നാലപ്പാടും ശ്രീകൃഷ്ണ രമേശ് എന്ന ശ്രീക്കിയുടെ അടുത്ത സഹായികളാണെന്നും, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പ്രധാന ഗുണഭോക്താക്കൾ ഇവരാണെന്നും വ്യക്തമായിട്ടുണ്ട്." ഉദ്യോ​ഗസ്ഥർ പറയുന്നു. സംഭവത്തിൽ ശ്രീക്കിക്കെതിരെയും അന്വേഷണം നടക്കുകയാണ്.


വെബ്‌സൈറ്റുകളും ക്രിപ്‌റ്റോ വാലറ്റുകളും ഹാക്ക് ചെയ്ത് ഡിജിറ്റൽ ആസ്തികൾ (VDA) മോഷ്ടിച്ച് ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുന്നതാണ് രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകൾ വഴി മാറ്റിയും മറ്റും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോ​ഗിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home