ad
Deshabhimani

ബംഗ്ലാദേശി, രോഹിംഗ്യൻ പൗരത്വത്തിന് പിന്നാലെ ഇഡിയും, നാല് സംസ്ഥാനങ്ങളിൽ പരിശോധന

ed
വെബ് ഡെസ്ക്

Published on Jul 16, 2026, 02:58 PM | 1 min read

ലഖ്നൗ: ബംഗ്ലാദേശി, രോഹിംഗ്യൻ സ്വദേശികളുടെ കുടിയേറ്റം തേടിയും ഇ ഡി പരിശോധന. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച നാല് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക റെയ്ഡ് നടത്തി. പശ്ചിമ ബംഗാൾ അതിർത്തിയിലെ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് മുൻനിര്‍ത്തി അഭയാര്‍ഥികളെ തേടി ഇഡി ഇറങ്ങിയത്.


ഉത്തർപ്രദേശിലെ സഹാറൻപുർ (ദേവ്ബന്ദ്), ഡൽഹിയിലെ ജാമിയ നഗർ, ഹരിയാനയിലെ ബല്ലഭ്ഗഡ് (ഫരീദാബാദ്), പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, മുർഷിദാബാദ് എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് ഇഡിയുടെ ലഖ്നൗ സോണൽ ഓഫീസ് പരിശോധന നടത്തിയത്.


വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത പൊതു ചാരിറ്റബിൾ ട്രസ്റ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത് എന്നാണ് വിശദീകരണം. ഈ ട്രസ്റ്റുകൾക്ക് യുകെ ആസ്ഥാനമായുള്ള ചില സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ട്രസ്റ്റുകൾ ഇത്തരം മനുഷ്യരെ സഹായിക്കുന്നു എന്ന കുറ്റവും ആരോപിക്കുന്നു.


യുപി സര്‍ക്കാരിന്റെ കേസ്


ഉത്തർപ്രദേശ് സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് എടുത്തത്. ഇന്ത്യയിലേക്ക് അനധികൃതമായി ആളുകളെ കടത്തുകയും, അവർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി നൽകുകയും ചെയ്യുന്നു എന്നായിരുന്നു യുപി സര്‍ക്കാരിന്റെ കേസ്.


കടന്നുകയറിയ ആളുകൾക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്നതിനായി 6,000, 8,000, 10,000 രൂപ എന്നിങ്ങനെ കാശ് നൽകി എന്നാണ് കുറ്റം. ഇത്തരം മനുഷ്യര്‍ക്ക് വരുമാനം ഉറപ്പാക്കാനും സാമ്പത്തികമായി പുനരധിവസിപ്പിക്കാനും പണം, ജോലി, അല്ലെങ്കിൽ ഇ-റിക്ഷകൾ എന്നിവ നൽകി സഹായിച്ചിരുന്നതായും കുറ്റപത്രം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home