ad
Deshabhimani

കള്ളപ്പണം വെളുപ്പിക്കൽ: അൽ ഫലാഹ് സർവകലാശാല കാമ്പസ് ഇ ഡി കണ്ടുകെട്ടും | റിപ്പോർട്ട്

al falah university
വെബ് ഡെസ്ക്

Published on Jan 11, 2026, 06:48 PM | 1 min read

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാല കാമ്പസ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടുമെന്ന് റിപ്പോർട്ട്. ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദ വിരുദ്ധ അന്വേഷണത്തിനിടെയാണ് സർവകലാശാലയുടെ സാമ്പത്തിക സ്രോതസ്സുകളിലെ ക്രമക്കേടുകൾ പുറത്തുവന്നത്.


സർവകലാശാലയുടെ നിർമാണത്തിനായി ഉപയോഗിച്ചത് കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണമാണോ എന്ന് ഇ ഡി ഗൗരവമായി അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ചും വ്യാജ അക്രഡിറ്റേഷൻ രേഖകൾ ചമച്ചും ഏകദേശം 415.10 കോടി രൂപ ഇവർ നിയമവിരുദ്ധമായി സമാഹരിച്ചതായാണ് ഏജൻസിയുടെ കണ്ടെത്തൽ.


ഡൽഹി പൊലീസിന്റെയും എൻഐഎയുടെയും അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി കേസെടുത്തത്. ചെങ്കോട്ട സ്ഫോടനക്കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികൾക്ക് സർവകലാശാലയുമായി ബന്ധമുണ്ടെന്ന കണ്ടെത്തൽ കേസിന് കൂടുതൽ ഗൗരവം നൽകുന്നതാണ്. നിലവിൽ സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാവര-ജംഗമ സ്വത്തുക്കൾക്ക് വിലയിടാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.


ഈ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുമെങ്കിലും, അവിടെ പഠിക്കുന്ന വിദ്യാർഥികളുടെ അക്കാദമിക് പ്രവർത്തനങ്ങൾ തടസപ്പെടില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു. അന്വേഷണം പൂർത്തിയാകുന്നതോടെ സർവകലാശാലയുടെ ഭരണം നിയന്ത്രിക്കാൻ സർക്കാർ ഒരു റിസീവറെ നിയമിച്ചേക്കുമെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home