ഇഡിയുടെ പിഴ: ലളിത് മോദിയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയിൽ വെച്ച് 2009ൽ നടത്തിയ ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി ഫെമ ചട്ടലംഘനമുണ്ടായതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏർപ്പെടുത്തിയ പിഴ സംബന്ധിച്ച കേസിൽ ലളിത് മോദിയുടെ ഹർജി സുപ്രീംകോടതി തള്ളി. ഐപിഎൽ കമീഷണറായിരിക്കേ തനിക്ക് ഏർപ്പെടുത്തിയ 10.65 കോടി രൂപയുടെ പിഴ ബിസിസിഐ അടയ്‌ക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് റിട്ട് ഹർജി പരിഗണച്ചത്. എന്നാൽ ആവശ്യം റിട്ട് പരിധിയിൽ വരില്ലന്നും തള്ളുകയാണെന്നും ബെഞ്ച് പറഞ്ഞു.
ഇഡിയിൽ നിന്ന് സമാനമായ പിഴ ലഭിച്ച മുൻ ബിസിസിഐ മേധാവി എൻ ശ്രീനിവാസനും മറ്റ് ഉദ്യോഗസ്ഥർക്കും ഹൈക്കോടതി ഇടക്കാലാശ്വാസം നൽകിയപ്പോൾ തനിക്ക് നൽകിയില്ലന്നും മോദി പറഞ്ഞു. എങ്കിൽ സിവിൽ കോടതിയെ സമീപിക്കാമെന്ന് മറുപടി പറഞ്ഞ ബെഞ്ച് ഹർജി തീർപ്പാക്കി. നേരത്തെ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയതിന് ലളിത് മോദിക്ക് ഒരുലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്തേക്ക് 243 കോടി രൂപ അനധികൃതകൈമാറ്റം നടത്തിയെന്നാണ് ഇഡിയുടെ കേസ്. എൻ ശ്രീനിവാസനും ലളിത് മോദി എന്നിവരടക്കമുള്ള പ്രതികൾക്ക് 121.56 കോടി രൂപയാണ് ആകെ പിഴയിട്ടത്.









0 comments