അനിൽ അംബാനിക്ക് വീണ്ടും തിരിച്ചടി, 1,021 കോടി രൂപയുടെ ആസ്തികൾ കൂടി ഇഡി കണ്ടുകെട്ടി

അനിൽ അംബാനി | Image Credit : REUTERS/Prashant Waydande/File
ന്യൂഡൽഹി : റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ 1,021 കോടി രൂപയുടെ ആസ്തികൾ കൂടി ഇഡി കണ്ടുകെട്ടി. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരെയുള്ള കേസുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇതുവരെ ആകെ ആസ്തി 20,367 കോടി രൂപയാണ് കണ്ടുകെട്ടിയത്. ഇതിന് പുറമെ വിദേശനാണ്യ മാനേജ്‌മെന്റ് നിയമ പ്രകാരം (ഫെമ) 77.86 കോടി രൂപയുടെ ആസ്തിയും കണ്ടുകെട്ടിയിട്ടുണ്ട്.
പൊതു - സ്വകാര്യ മേഖലകളിലെ വിവിധ ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്നത്. റിലയൻസ് കമ്പനികൾ ചേർന്ന് സമാഹരിച്ച 15,548 കോടി രൂപയുടെ പൊതുപണം അനിൽ അംബാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള നിരവധി വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പ് കമ്പനികളിലേക്കും ആസൂത്രിതമായി വകമാറ്റിയതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കൈവശമുള്ള റിലയൻസ് പവർ ലിമിറ്റഡിന്റെ ഇക്വിറ്റി ഓഹരികൾ സാസൻ പവർ ലിമിറ്റഡിൽ നിന്നും റിലയൻസ് പവർ ലിമിറ്റഡിൽ നിന്നും ലഭിക്കാനുള്ള വായ്പ തുകകൾ എന്നിവയാണ് പുതുതായി കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നത്.
പിഎംഎൽഎ പ്രകാരം നാലും ഫെമ പ്രകാരം മൂന്നും കേസുകളാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ എൺപതിലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും വിവിധ കേസുകളിലായി നാല് പ്രോസിക്യൂഷൻ പരാതികളും ഫെമ പ്രകാരം ഒരു പരാതിയും ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലെ എട്ട് മുതിർന്ന ഉദ്യോഗസ്ഥരെയും അടുത്ത കൂട്ടാളികളെയും കേന്ദ്ര അന്വേഷണ ഏജൻസി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.











0 comments