ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങി പ്രമുഖ വ്യവസായി; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് ഇഡി

ന്യൂഡൽഹി: പ്രമുഖ വ്യവസായിയെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ 7 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് ഇഡി. കാൺപൂർ സ്വദേശിയായ അർപിത് റാത്തോറിനെയാണ് ഇഡി ജലന്ധർ സോണൽ യൂണിറ്റ് പിടികൂടിയത്.
വർധ്മാൻ ഗ്രൂപ്പ് ചെയർമാൻ എസ്.പി. ഓസ്വാളിനെ കബളിപ്പിച്ച അന്തർസംസ്ഥാന സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ഇയാൾ. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഓസ്വാളിനെ സമീപിച്ചത്.
അദ്ദേഹത്തിന്റെ ആധാർ കാർഡ് ഉപയോഗിച്ച് വ്യാജ പാസ്‌പോർട്ടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നതായി വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് സുപ്രീംകോടതിയുടെ വ്യാജ അറസ്റ്റ് വാറണ്ട് കാണിക്കുകയും 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ വീഡിയോ കോളിലൂടെ രണ്ടുദിവസം വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
കേസിൽ നിന്ന് രക്ഷപ്പെടാൻ 7 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ഇവർ ഓസ്വാളിനെ നിർബന്ധിച്ചു. അർപിത് റാത്തോറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 14 ലക്ഷം രൂപയും നിരവധി ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് ഇയാളാണെന്ന് ഇഡി കണ്ടെത്തി. കേസിൽ നേരത്തെ അസമിൽ നിന്ന് റൂമി കലിത എന്ന യുവതിയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ഓസ്വാളിന് നഷ്ടപ്പെട്ട തുകയിൽ 5.24 കോടി രൂപ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി.










0 comments