print edition സാമ്പത്തിക വളര്‍ച്ച കൂപ്പുകുത്തുന്നു; വ്യവസായ വളർച്ചാസൂചിക ഇടിഞ്ഞു


സ്വന്തം ലേഖകൻ
Published on Apr 30, 2026, 12:50 AM | 2 min read
ന്യൂഡൽഹി: വ്യവസായ, കാര്‍ഷിക മേഖലകളിൽ കടുത്ത പ്രതിസന്ധി തുടരുന്നതോടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കൂപ്പുകുത്തുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, മാർച്ചിൽ വ്യവസായ വളർച്ചാസൂചിക (ഐഐപി) 4.1 ശതമാനമായി ഇടിഞ്ഞു. അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഫെബ്രുവരിയിൽ വ്യവസായ വളർച്ചാനിരക്ക് 5.2 ശതമാനമായിരുന്നു. കാർഷികമേഖലയിലും കടുത്ത ആശങ്ക തുടരുന്നു. മിക്ക സംസ്ഥാനങ്ങളിലും ഇന്ധന, വളം പ്രതിസന്ധി രൂക്ഷം. 2025 മാർച്ചുമായി താരതമ്യപ്പെടുത്തിയാൽ വളം ഉൽപ്പാദനം 24.6 ശതമാനം ഇടിഞ്ഞു. പശ്‌ചിമേഷ്യൻ സംഘർഷം കാരണം വിതരണശൃംഖലയിൽ ഉണ്ടായ തടസ്സമാണ് വ്യവസായ വളർച്ചാനിരക്കിലെ ഇടിവിനുള്ള മുഖ്യകാരണമെന്നാണ് സർക്കാരിന്റെ വാദം.
വ്യവസായ വളർച്ചാസൂചിക പ്രകാരം പ്രധാനപ്പെട്ട 23 വ്യവസായ മേഖലകളിൽ ഒന്പതിലും വളർച്ചാനിരക്ക് കുറഞ്ഞിട്ടുണ്ട്. ഉൽപ്പാദനമേഖലയിൽ ഫെബ്രുവരിയിലെ വളർച്ചാനിരക്ക് 5.9 ശതമാനമായിരുന്നത് മാർച്ചിൽ നാല് ശതമാനമായി ഇടിഞ്ഞു. ടെക്‌സ്റ്റൈല്‍സ്, ഭക്ഷ്യ–പാനീയം, തുകൽ, കെമിക്കൽസ്, പുകയില തുടങ്ങിയ മേഖലകളിൽ വളർച്ചാനിരക്ക് വൻതോതിൽ ഇടിഞ്ഞു.
വൈദ്യുതി മേഖലയിൽ ഫെബ്രുവരിയിൽ വളർച്ചാനിരക്ക് 2.3 ശതമാനമായിരുന്നത് മാർച്ചിൽ 0.8 ശതമാനമായി കുറഞ്ഞു. 2025 മാർച്ചിൽ വൈദ്യുതി ഉൽപ്പാദന നിരക്ക് 7.5 ശതമാനമായിരുന്നു. പശ്‌ചിമേഷ്യൻ സംഘർഷങ്ങൾ കാരണമുണ്ടായ പ്രതിസന്ധികളുടെ ആഘാതങ്ങൾ പൂർണമായും പുതിയ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നില്ലെന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം. സംഘർഷങ്ങൾ സൃഷ്‌ടിച്ച അനിശ്‌ചിതത്വങ്ങളും ഉൽപ്പാദകരുടെ ആശങ്കകളും രാജ്യത്തിന്റെ മൊത്തം വ്യവസായ വളർച്ചയ്‌ക്ക് വൻ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. 2026–2027 സാന്പത്തികവർഷം ആദ്യപാദത്തിൽ തന്നെ ഇതുസംബന്ധിച്ച കൂടുതൽ കണക്ക് പുറത്തുവന്നേക്കും.
മുന്നിൽ ഗുരുതര പ്രതിസന്ധി
രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന ഗുരുതരപ്രതിസന്ധികളുടെ ശക്തമായ സൂചനയായി വ്യാവസായിക വളർച്ചയിലെ മുരടിപ്പിനെ വിദഗ്‌ധർ വിലയിരുത്തുന്നു. ഇന്ത്യയുടെ എട്ട് പ്രധാന വ്യവസയ മേഖലകളുടെ ഉൽപ്പാദനം മാർച്ചിൽ 0.4 ശതമാനം കുറഞ്ഞെന്ന വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി മേഖലകളിലാണ് ഇടിവ്. പശ്‌ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടർന്നാൽ ഭക്ഷ്യസുരക്ഷ തന്നെ അപകടത്തിലാകും. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതോടെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്‌മ രൂക്ഷമാണ്. വേനൽ കടുത്തതോടെ ഉൗർജപ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്താനുള്ള നീക്കങ്ങൾ വിദേശനാണ്യശേഖരത്തിൽ വലിയ ഇടിവാണ് സൃഷ്‌ടിച്ചത്.










0 comments