'വിചാരണ വൈകുമ്പോൾ ജാമ്യം നൽകണം'; ഉമർ ഖാലിദ് കേസിൽ പ്രതികരിച്ച് മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ജയ്പൂർ: വിചാരണ വൈകുന്ന സാഹചര്യങ്ങളിൽ ജാമ്യം നൽകുക എന്നത് ഒരു അവകാശമായി മാറണമെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വിചാരണ വൈകുമ്പോൾ തടങ്കൽ എന്നത് ഒരു ശിക്ഷയായി മാറാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വീർ സംഘ്‌വിയുമായി നടത്തിയ സംഭാഷണത്തിനിടെ, ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റം തെളിയുന്നത് വരെ ഏതൊരു വ്യക്തിയും നിരപരാധിയാണെന്നതാണ് നമ്മുടെ നിയമത്തിന്റെ അടിസ്ഥാനമെന്ന് ചന്ദ്രചൂഡ് പറഞ്ഞു. അഞ്ച് മുതൽ ഏഴ് വർഷം വരെ വിചാരണ തടവുകാരനായി ജയിലിൽ കിടന്ന ഒരാൾ ഒടുവിൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ, നഷ്ടപ്പെട്ട ആ സമയത്തിന് ആര് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ചോദിച്ചു.
പ്രതി കുറ്റം ആവർത്തിക്കാനോ, രാജ്യം വിടാനോ, തെളിവുകൾ നശിപ്പിക്കാനോ സാധ്യതയില്ലെങ്കിൽ ജാമ്യം നൽകുക എന്നത് നിയമമായിരിക്കണം. ദേശീയ സുരക്ഷാ നിയമങ്ങൾ പലപ്പോഴും നിരപരാധിത്വത്തിന് പകരം കുറ്റാരോപിതൻ കുറ്റവാളിയാണെന്ന മുൻവിധിയുണ്ടാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് വേഗത്തിലുള്ള വിചാരണയ്ക്ക് പൗരന് അവകാശമുണ്ട്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ ജാമ്യം അനുവദിക്കണമെന്നും, ദേശീയ സുരക്ഷാ കേസുകളിൽ പോലും കോടതികൾ ദീർഘകാല തടങ്കൽ ആനുപാതികമാണോ എന്ന് പരിശോധിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമ്യം നൽകാൻ കീഴ്ക്കോടതികൾ മടിക്കുന്നത് ആധുനിക നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളിയാണെന്നും മുൻ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.










0 comments