ad
Deshabhimani

പൊടിക്കാറ്റ്‌: ഡൽഹിയിൽ 350 വിമാനം വൈകി

DELHI AIRPORT
വെബ് ഡെസ്ക്

Published on Apr 13, 2025, 08:02 AM | 1 min read

ന്യൂഡൽഹി: കനത്ത പൊടിക്കാറ്റിനെ തുടർന്ന്‌ ശനിയാഴ്‌ച ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 350ൽപരം വിമാനങ്ങൾ വൈകി. കാത്തിരുന്നുവലഞ്ഞ യാത്രക്കാർ പ്രതിഷേധിച്ചു. ഫോട്ടോയും വീഡിയോയും സമൂഹ മാധ്യമത്തിൽ യാത്രക്കാർ പങ്കുവച്ചിരുന്നു. വെള്ളിയാഴ്‌ച വൈകിട്ടും പ്രതികൂല കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചിരുന്നു. സാഹചര്യം മെച്ചപ്പെട്ടെന്നും ചില വിമാന സർവീസുകളെ ഇപ്പോഴും ബാധിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഒരു റൺവേയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടണ്ണം മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌.


വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഡൽഹിയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ സാരമായി ബാധിച്ചു. പൊടിക്കാറ്റ് കാരണം നിരവധി വിമാനങ്ങൾ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു. പ്രധാന റൺവേ നവീകരണത്തിനായി അടച്ചിട്ടതിനാൽ യാത്രയ്ക്ക് അധിക കാലതാമസമുണ്ടായി. ശനിയാഴ്ച അർദ്ധരാത്രി മുതൽ ഉച്ചയ്ക്ക് 2 വരെ ഐജിഐ വിമാനത്താവളത്തിൽ നിന്നുള്ള 350 വിമാന സർവീസുകളെ ബാധിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതമനുഭവിച്ചത്. 40 മിനിറ്റിൽ അധികം സമയമാണ് കാലതാമസം നേരിട്ടത്. ഏതാനും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.


മണിക്കൂറിൽ 74 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. കാറ്റിന്റെ വേഗതയിലുണ്ടായ മാറ്റം വിമാനങ്ങളുടെ ടേക്ക് ഓഫുകളെയും ലാൻഡിംഗുകളെയും ബാധിച്ചു. എയർ ട്രാഫിക് കൺട്രോൾ ഏകദേശം 45 മിനിറ്റോളം പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. യാത്രയ്ക്കിടെ തടസം നേരിട്ടതോടെ വിമാനത്താവളത്തിൽ യാത്രക്കാർ തിങ്ങി നിറയുകയായിരുന്നു. സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് വിമാന കമ്പനികൾക്ക് വ്യക്തമായി മറുപടി നൽകാൻ കഴിഞ്ഞില്ല. യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ ഖേദിക്കുന്നതായി വിമാന കമ്പനികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home