ad
Deshabhimani

സ്റ്റാന്റിൽ കടന്ന ബസുമായി യുവാവ് കടന്നുകളഞ്ഞു; ടോൾ പ്ലാസയിൽ ഇടിച്ചു നിർത്തി, പരാക്രമം മദ്യലഹരിയിൽ

Bus

ജിട്ടബോയിന വെങ്കണ്ണ (Photo: NDTV)

വെബ് ഡെസ്ക്

Published on Jul 10, 2026, 02:46 PM | 1 min read

തെലങ്കാന: മദ്യലഹരിയിൽ സ്റ്റാന്റിൽ കടന്ന ബസുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. പാലകുർത്തി മണ്ഡലിലെ ചെന്നൂര് ഗ്രാമവാസിയും ബുൾഡോസർ ഓപ്പറേറ്ററുമായ ജിട്ടബോയിന വെങ്കണ്ണയാണ് പൊലീസിന്റെ പിടിയിലായത്. ജങ്കാവ് ബസ് സ്റ്റാൻഡിൽ നിന്ന് ആർടിസി (RTC) ബസ് ആണ് മോഷ്ടിച്ച് 21 കിലോമീറ്ററോളം വെങ്കണ്ണ ഓടിച്ചത്. ഒടുവിൽ ടോൾ പ്ലാസയിൽ ഇടിച്ചാണ് വാഹനം നിർത്തിയത്. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.


കുടുംബപരമായ തർക്കങ്ങളെത്തുടർന്ന് വെങ്കണ്ണ ജങ്കാവിലെത്തിയത്. ഈ സമയം യുവാവ് മദ്യലഹരിയിലും ആയിരുന്നു. ശേഷം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ആർടിസി ബസുമായി കടന്നുകളയുകയായിരുന്നു. ബുധനാഴ്ച രാത്രി സർവീസ് പൂർത്തിയാക്കിയ ശേഷം ബസ് ഡ്രൈവർ വാഹനം സ്റ്റാൻഡിൽ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോയ സമയത്തായിരുന്നു മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. ഡ്രൈവർ ബസിന്റെ താക്കോൽ ബസിനുള്ളിൽ തന്നെ മറന്നുവെച്ച് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആ സാഹചര്യത്തിലാണ് വെങ്കണ്ണ ബസുമായി കടന്നുകളഞ്ഞത്.


ബസുമായി പ്രതി സൂര്യപേട്ട് ഭാ​ഗത്തേയ്ക്ക് ആണ് സഞ്ചരിച്ചത്. ഏകദേശം 21 കിലോമീറ്റർ സഞ്ചരിച്ച ശേഷം വാഹനം ദേവരുപ്പള മണ്ഡലിലെ സിംഗരാജുപള്ളി ടോൾ ഗേറ്റിൽ എത്തുകയും, അവിടെയുള്ള സിമന്റ് ബ്ലോക്കിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ടോൾ ഗേറ്റ് ജീവനക്കാർ ഉടൻ തന്നെ ദേവരുപ്പള പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വെങ്കണ്ണ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് ബസിനൊപ്പം ഇയാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് തുടർനടപടികൾക്കായി ജങ്കാവ് പൊലീസിന് കൈമാറുകയും ചെയ്തു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home