ചെക്ക് ബൗൺസ് കേസ്; നടൻ രാജ്പാൽ യാദവ് കുറ്റക്കാരൻ തന്നെയെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ചെക്ക് ബൗൺസ് കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവിന്റെ കുറ്റക്കാരനെന്ന വിധി ശരിവച്ച് ഡൽഹി ഹൈക്കോടതി. എന്നാൽ ആറുമാസത്തെ തടവുശിക്ഷ കോടതി മൂന്നുമാസമായി കുറച്ചു.
ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പ്രൊബേഷൻ ഓഫ് ഒഫെൻഡേഴ്സ് ആക്ട് പ്രകാരമുള്ള ഇളവ് അനുവദിക്കണമെന്ന രാജ്പാൽ യാദവിന്റെ ആവശ്യം കോടതി തള്ളി. വിചാരണ നടപടികളിലുടനീളം രാജ്പാൽ യാദവിന്റെ പെരുമാറ്റം പരിഗണിക്കുമ്പോൾ അത്തരമൊരു ഇളവിന് അദ്ദേഹം അർഹനല്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട തുക അടയ്ക്കാമെന്ന് രാജ്പാൽ യാദവ് പലതവണ ഉറപ്പ് നൽകിയിരുന്നെങ്കിലും, നിരവധി അവസരങ്ങൾ നൽകിയിട്ടും അത് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന വിധി നിലനിർത്തിയത്.
അതേസമയം, ശിക്ഷയുടെ കാലാവധി ആറുമാസത്തിൽ നിന്ന് മൂന്നുമാസമായി കുറയ്ക്കാൻ കോടതി തീരുമാനിച്ചു. ചെക്ക് ബൗൺസ് കേസിൽ നേരത്തെ രാജ്പാൽ യാദവിന് വിചാരണക്കോടതി തടവുശിക്ഷ വിധിച്ചിരുന്നു.
ഹിന്ദി സിനിമയിലെ ശ്രദ്ധേയനായ നടനും ഹാസ്യതാരവുമാണ് രാജ്പാൽ യാദവ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങല്‍ അദ്ദേഹം ബോളിവുഡിൽ ചെയ്തിട്ടുണ്ട്. കോമഡി വേഷങ്ങളിലൂടെയാണ് കൂടുതൽ ജനപ്രിയനായത്. ഹംഗാമ, ചുപ് ചുപ് കെ, ഭൂൽ ഭുലയ്യ, ഫിർ ഹേരാ ഫേരി തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങൾ രാജ്പാൽ യാദവിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കി. ഉത്തർപ്രദേശ് സ്വദേശിയായ അദ്ദേഹം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം നേടിയ ശേഷമാണ് സിനിമയിലേക്ക് എത്തിയത്.










0 comments