അസമിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ ഡ്രോൺ കണ്ടെത്തി: അന്വേഷണം

ദിസ്പൂർ : ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ രാജ്യാതിർത്തികളിൽ സുരക്ഷ ശക്തമാക്കുന്നതിനിടെ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഡ്രോൺ കണ്ടെത്തി. അസമിലെ അതിർത്തി പ്രദേശമായ ശ്രീഭൂമിയിലെ ചാർബസാർ ടൗണിന് സമീപത്തുനിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡ്രോൺ കണ്ടെത്തിയത്. വയലിനു നടുക്കാണ് ഡ്രോൺ കണ്ടത്. പ്രദേശവാസികൾ ഉടൻ തന്നെ വിവരം അധികൃതരെ അറിയിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും ജനങ്ങളെ സമീപത്തുനിന്ന് മാറ്റുകയും ചെയ്തു.
തുടർപരിശോധനകൾക്കായി ഡ്രോൺ ശ്രീഭൂമി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബംഗ്ലാദേശ് അതിർത്തിക്ക് അപ്പുറത്തുനിന്നായിരിക്കാം ഡ്രോൺ പറത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഔദ്യോഗികവിരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും അതിർത്തി കടന്നുള്ള നിരീക്ഷണത്തിനോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഡ്രോൺ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നുണ്ട്.
ശ്രീഭൂമി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രോണിന്റെ ഘടകങ്ങൾ, സോഫ്റ്റ്‌വെയർ, ഡാറ്റ എന്നിവ പരിശോധിക്കാൻ സാങ്കേതിക വിദഗ്ധരെ വിളിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് മിസൈൽ ആക്രമണം നടത്തിയതിനുപിന്നാലെ അതിർത്തിയിൽ ദുരൂഹസാഹചര്യത്തിൽ ഡ്രോൺ പ്രത്യക്ഷപ്പെട്ടത് ആശങ്കയുളവാക്കുന്നുണ്ട്. സംഭവങ്ങൾക്ക് പ്രത്യക്ഷത്തിൽ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെങ്കിലും അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കുന്ന സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയതിനെ ഗൗരവമായാണ് കാണുന്നതെന്ന് അധികൃതർ പറഞ്ഞു.
അതിർത്തിയിൽ കൂടുതൽ പട്രോളിംഗും നിരീക്ഷണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പറഞ്ഞു.










0 comments