കുനോയിൽ ചീറ്റകൾക്ക് വെള്ളം നൽകി ഡ്രൈവർ: ‍വീഡിയോ വൈറലായതോടെ നടപടി

kuno cheetah
വെബ് ഡെസ്ക്

Published on Apr 07, 2025, 04:19 PM | 1 min read

ഭോപ്പാൽ : മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിന് സമീപം ചീറ്റകൾക്ക് വെള്ളം നൽകി ഫോറസ്റ്റ് വിഭാ​ഗത്തിലെ ഡ്രൈവർ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഡ്രൈവർക്കെതിരെ നടപടിയെടുത്തു. ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ചതിന് അച്ചടക്ക നടപടി സ്വീകരിച്ച് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഫോറസ്റ്റ് വിഭാ​ഗത്തിലെ ജീവനക്കാരനാണ് നടപടി നേരിട്ടത്. നമീബിയയിൽ നിന്നും കുനോയിലെത്തിച്ച ജ്വാല എന്ന ചീറ്റയ്ക്കും നാല് കുട്ടികൾക്കുമാണ് ഡ്രൈവർ വെള്ളം നൽകിയത്. സ്റ്റീൽ പാത്രത്തിൽ വെള്ളമെടുത്ത ശേഷം ഇവയ്ക്ക് മുന്നിലേക്ക് വയ്ക്കുകയായിരുന്നു. ഡ്രൈവർ വിളിച്ചതിനു പിന്നാലെ ചീറ്റയും കുട്ടികളും വന്ന് വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം.


ഇതിന്റെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ജീവനക്കാരനെതിരെ നടപടിയെടുത്തത്. ഫീൽഡ് സ്റ്റാഫ് നിർദ്ദേശങ്ങൾ ലംഘിക്കുകയും അച്ചടക്കമില്ലായ്മ കാണിക്കുകയും ചെയ്തതിനാൽ ഇയാൾക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുനോ നാഷണൽ പാർക്കിന്റെ അതിർത്തിക്കടുത്തുള്ള ആ​ഗ്ര ഏരിയയിലെ ജനവാസമേഖലയിലേക്കാണ് ചീറ്റയും കുട്ടികളും സഞ്ചരിച്ചിരുന്നതെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തം കുമാർ ശർമ പറഞ്ഞു.


ജനവാസമേഖലയിലേക്ക് ചീറ്റകൾ വരുമ്പോൾ അവയെ തിരികെ കാട്ടിലേക്കുതന്നെ വിടാൻ നിരീക്ഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ചീറ്റ കൃഷിയിടങ്ങളിലേക്കോ മനുഷ്യവാസ കേന്ദ്രത്തിനരികിലോ പോകുമ്പോഴെല്ലാം ബന്ധപ്പെട്ട റേഞ്ചിൽ നിന്ന് അധിക ജീവനക്കാരെ വിളിക്കും. ഈ സാഹചര്യത്തിലും ആഗ്ര റേഞ്ചിൽ നിന്നുള്ള അധിക ഫീൽഡ് സ്റ്റാഫിനെ വിളിച്ചുിരുന്നതായി ഉത്തം കുമാർ ശർമ പറഞ്ഞു. ഇവയെ തിരിച്ച് വനത്തിലേക്കു വിടാനാണ് വെള്ളം നൽകുന്നത്.


ആഗ്ര റേഞ്ചിൽ വനം വകുപ്പിന്റെ ജോലികൾക്കായി നിയമിച്ച വാഹനത്തിന്റെ ഡ്രൈവർമാരിൽ ഒരാളാണ് ജ്വാലയ്ക്കും കുഞ്ഞുങ്ങൾക്കും വെള്ളം നൽകിയത്. എന്നാൽ ചീറ്റകളുടെ അടുത്തേക്ക് പോകാൻ പരിശീലനം നൽകിയ പ്രത്യേക ടീമിന് മാത്രമേ അധികാരമുള്ളൂവെന്നും ഉത്തം കുമാർ ശർമ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home