ad
Deshabhimani

പ്രതിരോധരംഗത്ത് കരുത്തായി ഇന്ത്യ; 120 കിലോമീറ്റർ ദൂരപരിധിയുള്ള പിനാക തയാർ

Pinaka missile.jpg
വെബ് ഡെസ്ക്

Published on Dec 30, 2025, 10:32 AM | 1 min read

ഭുവനേശ്വർ: ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് പുതിയ കരുത്തുപകർന്ന് പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. തിങ്കളാഴ്ച ഒഡീഷയിലെ ചന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വെച്ചാണ് പ്രതിരോധ ഗവേഷണ വികസന സംഘടന പരീക്ഷണം നടത്തിയത്.


120 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം അതികൃത്യതയോടെ തകർക്കാൻ ഈ പുത്തൻ റോക്കറ്റിന് സാധിക്കും. ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗത്തിൽ കുതിച്ച റോക്കറ്റ് മുൻകൂട്ടി നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചതായി ഡിആർഡിഒ അറിയിച്ചു.


നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ള പിനാക റോക്കറ്റുകൾക്ക് 40 മുതൽ 80 കിലോമീറ്റർ വരെയാണ് ദൂരപരിധി. ഇതിന്റെ പരിഷ്കരിച്ച രൂപമാണ് ഇപ്പോൾ വിജയകരമായി പരീക്ഷിച്ചത്.


ഇൻ-സർവീസ് പിനാക ലോഞ്ചറുകളിൽ നിന്ന് തന്നെ ഈ ദീർഘദൂര റോക്കറ്റുകളും തൊടുക്കാൻ സാധിക്കുമെന്നത് ഈ സംവിധാനത്തിന്റെ വലിയ പ്രത്യേകതയാണ്. പരീക്ഷണ വിജയത്തിൽ ഡിആർഡിഒ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.


പുതിയ റോക്കറ്റ് സംവിധാനം സായുധ സേനയുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കുമെന്നും പ്രതിരോധ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു. ഗൈഡൻസ് സംവിധാനത്തോടു കൂടിയ റോക്കറ്റ് ആയതിനാൽ ഏത് കഠിനമായ ഭൂപ്രകൃതിയിലും കൃത്യമായി ആക്രമണം നടത്താൻ ഇതിന് സാധിക്കും.


പരീക്ഷണം നടന്ന അതേ ദിവസം തന്നെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഈ റോക്കറ്റുകൾ വാങ്ങുന്നതിനായുള്ള അംഗീകാരം നൽകിയിരുന്നു എന്നതും ശ്രദ്ധേയമാണ്.


പൂനെയിലെ ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ഈ റോക്കറ്റ് രൂപകൽപ്പന ചെയ്തത്. ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി ഉൾപ്പെടെയുള്ള വിവിധ ഡിആർഡിഒ ലാബുകൾ പരീക്ഷണത്തിൽ പങ്കാളികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home