ഡിആർഡിഒ ഡാറ്റ ചോർന്നതായി റിപ്പോർട്ട്; രഹസ്യ വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനക്ക്

ന്യൂഡൽഹി : പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന ഡിആർഡിഒയിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഏകദേശം 31 ജിബി വരുന്ന ഡാറ്റ ചോർന്നുവെന്നാണ് സംശയം. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനക്ക് വെച്ചതായും റിപ്പോർട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഇന്റലിജൻസ് ഗ്രൂപ് ആണ് ഈ വിവരം കണ്ടെത്തിയത്. 8000 ഡോളറിനാണ് രാജ്യത്തെ തന്ത്രപ്രധാനമായി വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനക്ക് വച്ചിരിക്കുന്നത്. ഈ വിവരങ്ങളുടെ സാമ്പിൾ പേജുകളും ലഭ്യമാക്കിയിട്ടുണ്ട്.
മിസൈൽ വിവരങ്ങൾ ഉൾപ്പടെയുള്ളവ ഡാർക്ക് വെബിൽ വില്പനക്കു വച്ചിരിക്കുന്ന ഡാറ്റയിലുണ്ടെന്നാണ് പറയുന്നത്. ചിലതിൽ മുതിർന്ന ശാസ്ത്രജ്ഞരുടെ ഒപ്പുകളും കരാർ അനുമതികളും വരെയുണ്ട്. രണ്ടാഴ്ചയായി ഈ വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനക്ക് വച്ചിട്ടുണ്ടെന്നാണ് സ്വകാര്യ ഇന്റലിജൻസ് സ്ഥാപനം പറയുന്നത്.
സ്ഥാപനം സ്ഥിരമായി നടത്താറുള്ള ഡാർക്ക് വെബ് സ്കാനിംഗിനിടെയാണ് ഡിആർഡിഒയുമായി ബന്ധപ്പെട്ട ഡാറ്റകൾ ലഭിച്ചത്. വിശദമായ ഫോറൻസിക് പരിശോധനകൾ നടത്തിയാലെ രേഖകൾ ചോർത്തിയതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വ്യക്തമാവുകയുള്ളു എന്ന് കമ്പനി അധികൃതർ പറഞ്ഞു. ഡിആർഡിഒയുടെ വിവരശേഖരത്തിൽ നിന്ന് മൂന്ന് പേജുകളാണ് സാമ്പിളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാമ്പിളിൽ തന്നെ രഹസ്യവിവരങ്ങളുണ്ട്.









0 comments