ഗുരുഗ്രാമിൽ സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

അരുൺ ശർമയും കാജലും
ഗുരുഗ്രാം: ഗുരുഗ്രാമിൽ പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ഭർത്താവ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഗുരുഗ്രാമിലെ നഴ്സിങ്ങ് ഹോമിൽ റേഡിയോളജിസ്റ്റ് ആയ അരുൺ ശർമയാണ് അതേ നഴ്സിങ്ങ് ഹോമിലെ നഴ്സായ കാജലിനെ കൊലപ്പെടുത്തിയത്.
നാല് മാസം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. നഴ്സിങ്ങ് ഹോമിൽ ജോലി ചെയ്യുന്നതിനിടെയാണ് അരുൺ ശർമയും കാജലും തമ്മിൽ പരിചയപ്പെടുന്നത്. ലഹരിക്ക് അടിമയായിരുന്ന അരുൺ വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് കാജലിനെ സ്ഥിരമായി മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കാജലിൽ നിന്ന് സ്ഥിരമായി പണം ആവശ്യപ്പെടുന്നതിന്റെ പേരിൽ ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുക പതിവാണ്.
അടുത്തിടെ തുടർച്ചയായി തർക്കങ്ങളുണ്ടായതിനെ തുടർന്ന് കാജൽ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. മാർച്ച് 4ന് ഹോളി ദിനത്തിൽ അരുണും കാജലിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം മദ്യലഹരിയിലെത്തിയ അരുൺ കാജലിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം സംസാരിക്കാനെന്ന് പറഞ്ഞ് കാജലിനെ താഴത്തെ നിലയിലേക്ക് കൊണ്ടുപോയതായി വീട്ടുകാർ പറയുന്നു. മിനിറ്റുകൾക്കുള്ളിൽ മൂക്കിലൂടെ ചോരയൊലിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന കാജലിനെയാണ് കാണുന്നത്. ശുചിമുറിയിൽനിന്ന് സിറിഞ്ച് കണ്ടെടുത്തതോടെയാണ് അരുൺ ഭാര്യക്ക് വിഷം കുത്തിവെച്ചതാണെന്ന് ബന്ധുക്കൾ സംശയം ഉന്നയിച്ചത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ പ്രതിയെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.











0 comments