ad
Deshabhimani

രണ്ടാമതും പോസ്റ്റുമോർട്ടം ചെയ്തു; ട്വിഷ ശർമയുടെ മൃതദേഹം 12 ദിവസങ്ങൾക്ക് ശേഷം സംസ്കരിച്ചു

Twisha Sharma

ട്വിഷ ശർമയും ഭർത്താവ് സമർത്ഥ് സിങ്ങും

വെബ് ഡെസ്ക്

Published on May 24, 2026, 05:57 PM | 2 min read

ഭോപ്പാൽ: ദുരൂഹ സാഹചര്യത്തിൽ മരിച്ച മോഡലും നടിയുമായ ട്വിഷ ശർമയുടെ മൃതദേഹം സംസ്കരിച്ചു. ഡൽഹി എയിംസിൽ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. മരണപ്പെട്ട് 12 ദിവസങ്ങൾക്ക് ശേഷമാണ് സംസ്‌കാരം നടന്നത്. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ഭോപ്പാലിലെ ഭാദ്ഭദ വിശ്രം ഘട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ.


ട്വിഷ ശർമയുടെ മൃതദേഹം പുറത്തെടുത്ത് രണ്ടാമതും പോസ്റ്റുമോർട്ടം ചെയ്യാൻ മധ്യപ്രദേശ് ഹൈക്കോടതി കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഡൽഹി എംയിസിലെ ഒരു സംഘം വിദ​ഗ്ദരുടെ നേതൃത്തിലായിരിക്കണം പോസ്റ്റുമോർട്ടം എന്ന് കോടതി നിർദേശിച്ചു. കീഴ്കോടതി ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ട്വിഷയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പോസ്റ്റ്‌മോർട്ടത്തിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാം തവണയും പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്. കൂടാതെ, ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തതെന്നും അവർ ആരോപിച്ചിരുന്നു.


മെയ് 12-നാണ് നോയിഡ സ്വദേശിയായ ട്വിഷയെ ഭോപ്പാലിലെ കത്താറ ഹിൽസ് പ്രദേശത്തെ വിവാഹ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകനായ സമർത്ഥ് സിംഗുമായുള്ള ഇവരുടെ വിവാഹം കഴിഞ്ഞ് അഞ്ച് മാസമാകുമ്പോഴായിരുന്നു ട്വിഷയുടെ മരണം. 2024ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ട്വിഷ സമർത്ഥിനെ പരിചയപ്പെടുന്നത്. തുടർന്ന് 2025 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് തങ്ങളുടെ മകളെ ശാരീരിക പീഡനമടക്കം വിവിധ തരത്തിലുള്ള ക്രൂരതകൾക്ക് ഇരയാക്കിയിരുന്നതായി ട്വിഷയുടെ മാതാപിതാക്കൾ ആരോപിച്ചു.


താൻ ഈ സന്തോഷകരമല്ലാത്ത ദാമ്പത്യത്തിൽ "കുടുങ്ങിപ്പോയതുപോലെ" അനുഭവപ്പെടുന്നുണ്ടെന്നും, ഭർതൃവീട്ടുകാരില്‍ നിന്ന് മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷയും അമ്മ രേഖാ ശർമ്മയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും വ്യക്തമാക്കുന്നുണ്ട്. സ്ത്രീധന പീഡനത്തിന് ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർത് സിംഗ്, അമ്മായിയമ്മയും മുൻ ജില്ലാ ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്ത് ദിവസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് സമർത് സിങ്ങിനെ വെള്ളിയാഴ്ച ജബൽപൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ കോടതി ഇയാളെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home