40 വർഷത്തിനുശേഷം കൊലപാതകിയെ കുടുക്കിയത് ച്യൂയിങ് ഗം

എവററ്റ്, വാഷിങ്ടൺ: പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന രണ്ട് കൊലപാതക കേസുകളിൽ, 68-കാരനായ മിച്ചൽ ഗാഫിനെ 50 വർഷത്തെ തടവിന് ശിക്ഷിച്ചു. ആധുനിക ഡിഎൻഎ സാങ്കേതികവിദ്യയും പൊലീസിന്റെ നിര്‍ണായകമായ നീക്കവുമാണ് 40 വർഷമായി തെളിയാതെ കിടന്ന ഈ കേസുകളിൽ വഴിത്തിരിവായത്.
1980-ൽ 21 വയസ്സുകാരിയായ സൂസൻ വെസിയെയും 1984-ൽ 42 വയസ്സുകാരിയായ ജൂഡി വീവറെയും ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുകളിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
1980 ജൂലൈയിൽ രണ്ട് വയസ്സിൽ താഴെ പ്രായമുള്ള തന്റെ രണ്ട് കുഞ്ഞുങ്ങളോടൊപ്പം അപ്പാർട്ട്‌മെന്റിൽ കഴിയുമ്പോഴാണ് സൂസൻ വെസി കൊല്ലപ്പെടുന്നത്. അപ്പാർട്ട്‌മെന്റിന്റെ മുന്‍വാതിലിലൂടെ അകത്തുകയറിയ പ്രതി അവരെ ക്രൂരമായി മർദ്ദിക്കുകയും കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
നാല് വർഷത്തിന് ശേഷം 1984-ലാണ് ജൂഡി വീവർ കൊല്ലപ്പെടുന്നത്. വീവറെയും സമാനമായ രീതിയിൽ ആക്രമിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി പ്രതി അവരുടെ കിടപ്പുമുറിക്ക് തീയിടുകയും ചെയ്തു. മൃതദേഹത്തിൽ കെട്ടിയിരുന്ന കയറുകളിൽ നിന്നും മറ്റും ലഭിച്ച ഡിഎൻഎ സാമ്പികളുകളാണ് ഇപ്പോൾ പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
വാഷിംഗ്ടൺ സ്റ്റേറ്റിലെ എവററ്റിൽ നടന്ന കൊലപാതകങ്ങൾ അന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളായാണ് പൊലീസ് കരുതിയിരുന്നത്. രണ്ട് കേസുകളിലും സംശയമുള്ള ചിലർ ഉണ്ടായിരുന്നെങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ആർക്കെതിരെയും കേസെടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
വീവറുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച സാമ്പിളുകളാണ് നിർണായകമായത്. കൊലപാതകം നടന്ന സമയത്ത് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വർഷങ്ങൾക്ക് ശേഷം പരിശോധിച്ചതോടെയാണ് അന്വേഷണത്തിൽ പുരോഗതിയുണ്ടായത്.
2003-ൽ കേസ് ഏറ്റെടുത്ത ഫോറൻസിക് ശാസ്ത്രജ്ഞ ലിസ കോളിൻസും സംഘവും പുതിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വീവറുടെ ശരീരത്തിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകൾ മിച്ചൽ ഗാഫിന്റേതാണെന്ന് കണ്ടെത്തി.
മുൻപ് രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ഇയാളുടെ ഡിഎൻഎ വിവരങ്ങൾ പൊലീസ് ഡാറ്റാബേസിൽ ഉണ്ടായിരുന്നു.
മിച്ചൽ ഗാഫിനെതിരെ കോടതിയിൽ ശക്തമായ തെളിവ് ഹാജരാക്കാൻ അദ്ദേഹത്തിന്റെ ഡിഎൻഎ നേരിട്ട് ശേഖരിക്കേണ്ടതുണ്ടായിരുന്നു. മിച്ചല്‍ പുറത്തിറങ്ങുന്നത് കുറവായതിനാൽ, ഡിറ്റക്ടീവ് സൂസൻ ലോഗോത്തെറ്റിയുടെ നേതൃത്വത്തിൽ പൊലീസ് ഒരു തന്ത്രം മെനഞ്ഞു.
2024 ജനുവരിയിൽ ഒരു ച്യൂയിംഗ് ഗം കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന പൊലീസ് മിച്ചലിന്റെ വീട്ടിലെത്തി. മിച്ചൽ ഗം രുചിച്ചു നോക്കി. ഉപയോഗത്തിനു ശേഷം തിരിച്ചുവെച്ച, ഉമിനീർ കലർന്ന ഗം പൊലീസ് ശേഖരിച്ചു. ഈ ഗമ്മിൽ നിന്ന് വേർതിരിച്ചെടുത്ത ഡിഎൻഎ, കൊലപാതക സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സാമ്പിളുകളുമായി പൂർണ്ണമായും പൊരുത്തപ്പെട്ടു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 16-ന് മിച്ചൽ ഗാഫ് തന്റെ കുറ്റസമ്മതം നടത്തി. സൂസൻ വെസിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും, ജൂഡി വീവറെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി കിടക്കയ്ക്ക് തീയിട്ടതും ഇയാൾ സമ്മതിച്ചു.
1979-ൽ ജാക്വലിൻ ഒബ്രിയാൻ എന്ന ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിൽ ഇയാൾ മുൻപ് ശിക്ഷിക്കപ്പെട്ടിരുന്നു. ക്രൂരമായ ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തി എന്നാണ് മനോരോഗ വിദഗ്ധർ ഇയാളെ വിശേഷിപ്പിച്ചത്. ബുധനാഴ്ച കോടതി വിധിച്ച ശിക്ഷ പ്രകാരം ഗാഫിന് തന്റെ ശിഷ്ടകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും.










0 comments