ad
Deshabhimani

print edition വീണ്ടും ചെങ്കൊടി പാറിക്കാൻ ഡോംകൽ

Domkal.jpg

ഡോംകലിൽ സിപിഐ എം സ്ഥാനാർഥി മുഹമ്മദ്‌ മുസ്‌തഫിസുർ റഹ്‌മാൻ പ്രചാരണത്തിൽ

avatar
സ്വന്തം ലേഖകൻ

Published on Apr 21, 2026, 12:01 AM | 1 min read

ന്യൂഡൽഹി: ബംഗാളിലെ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്‌ അടിത്തറയൊരുക്കുകയാണ്‌ മൂർഷിദാബാദ്‌ ജില്ലയിലെ ഡോംകൽ നിയമസഭാ മണ്ഡലം. ഡോംകലിൽ നാനൂറോളം കുടുംബങ്ങൾ തൃണമൂൽ കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ഡോംകൽ പട്ടണത്തിലെ 19–ാം വാർഡിലുള്ള തൃണമൂൽ ഓഫീസ്‌ ചുവപ്പണിഞ്ഞ്‌ സിപിഐ എം ഓഫീസായി മാറി.


സിപിഐ എം സ്ഥാനാർഥി മുഹമ്മദ്‌ മുസ്‌തഫിസുർ റഹ്‌മാൻ വോട്ട്‌ ചോദിച്ച്‌ എത്തിയപ്പോഴാണ്‌ തൃണമൂലിന്റെ 19–ാം വാർഡ്‌ പ്രസിഡന്റ്‌ ഇനാമുൾ മലിതലുടെ നേതൃത്വത്തിൽ 400 കുടുംബങ്ങൾ സിപിഐ എമ്മിന്‌ പിന്തുണ അറിയിച്ചത്‌. ഡോംകൽ പട്ടണത്തിലെ 14–ാം വാർഡിലും നൂറുകണക്കിന്‌ കുടുംബങ്ങൾ തൃണമൂൽ വിട്ട്‌ സിപിഐ എമ്മിന്റെ ഭാഗമായി. കേരളവുമായി അടുത്ത ബന്ധം ഡോംകൽ മണ്ഡലത്തിനുണ്ട്‌. ഡോംകലിൽ നിന്നുള്ള അര ലക്ഷത്തോളം പേർ കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ അതിഥി തൊഴിലാളികളായുണ്ട്‌. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുന്നയാളാണ്‌ സിപിഐ എം സ്ഥാനാർഥി മുസ്‌തഫിസുർ. നാട്ടുകാർ റാണാ ദായെന്ന്‌ വിളിക്കുന്ന മുസ്‌തഫിസുർ അതിഥി തൊഴിലാളികൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം കേരളത്തിലും എത്തിയിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന്‌ തനിക്ക്‌ വോട്ടുചെയ്യുന്നതിനായി ആയിരക്കണക്കിന്‌ അതിഥിത്തൊഴിലാളികൾ അവധിയെടുത്ത്‌ എത്തുമെന്ന്‌ റാണാ ദായ്‌ക്ക്‌ ഉറപ്പുണ്ട്‌.


1977 മുതൽ 2016 വരെ സിപിഐ എം തുടർച്ചയായി ജയിച്ച മണ്ഡലമാണ്‌ ഡോംകൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ ജയിച്ചപ്പോഴും 36 ശതമാനം വോട്ടുമായി റാണാ ദാ രണ്ടാമതെത്തി. പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ അഞ്ചുവർഷവും ഡോംകലിൽ സജീവമായി തന്നെ റാണാ ദാ തുടർന്നു. സിറ്റിങ്‌ എംഎൽഎ ജഫീക്കുൾ ഇസ്ലാമിനെ മാറ്റി മുൻ ഐപിഎസുകാരനായ ഹുമയൂൺ കബീറിനെയാണ്‌ തൃണമൂൽ സ്ഥാനാർഥിയാക്കിയത്‌. കോൺഗ്രസിന്റെ ഷഹനാസ്‌ ബീഗവും ബിജെപിയുടെ നന്ദ ദുലാൽ പാലും മത്സരരംഗത്തുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home