സിവിൽ ഡിഫൻസ് സൈറണുകൾ അനാവശ്യമായി ഉപയോഗിക്കരുത്; മാധ്യമങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

വ്യോമാക്രമണ സൈറൺ
ന്യൂഡൽഹി: പൊതുബോധവത്കരണ, പ്രതിരോധ പരിപാടികൾ ഒഴികെയുള്ളവയിൽ വ്യോമാക്രമണ സൈറണുകൾ ഉപയോഗിക്കരുതെന്ന് ടെലിവിഷൻ ചാനലുകളോട് കേന്ദ്രം. 1968 ലെ സിവിൽ ഡിഫൻസ് ആക്ട് പ്രകാരം, പരിപാടികളിൽ സിവിൽ ഡിഫൻസ് എയർ റെയ്ഡ് സൈറണുകൾ ഉപയോഗിക്കുന്നത് എല്ലാ മാധ്യമങ്ങളും ഒഴിവാക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ എന്നിവർ നിർദേശിച്ചു. ബോധവൽക്കരണ പരിപാടികളിൽ ഇത്തരം സൈറണുകൾ ഉപയോഗിക്കാം.
ടെലിവിഷൻ ചാനലുകളിലെ വ്യോമാക്രമണ സൈറണുകളുടെ പതിവ് ഉപയോഗം സാധാരണക്കാരിൽ ജാഗ്രതക്കുറവുണ്ടാകാൻ കാരണമായേക്കാം. യഥാർഥ വ്യോമാക്രമണങ്ങൾ നടക്കുമ്പോൾ സൈറൺ മുഴങ്ങിയാൽ ഇവ ടെലിവിഷൻ പരിപാടിയിൽ നിന്നാവാം എന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചേക്കാം. അതിനാൽ ടെലിവിഷൻ, മറ്റ് മാധ്യമങ്ങൾ തുടങ്ങിയവ ഇത്തരം സിവിൽ ഡിഫൻസ് സൈറണുകൾ പതിവായി പരിപാടികളിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
0 comments