ഡി കെ ശിവകുമാർ നാളെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ രണ്ട് മലയാളികളും

ബംഗളൂരു: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ.
ഡി കെ ശിവകുമാറിനൊപ്പം രണ്ട് മലയാളികൾ ഉൾപ്പെടെ പതിനൊന്ന് മന്ത്രിമാരും നാളെത്തന്നെ അധികാരമേൽക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും, മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംനേടുമെന്ന് ഉറപ്പായിട്ടുണ്ട്.
കർണാടക രാഷ്ട്രീയത്തിലെ പ്രമുഖ മലയാളി മുഖങ്ങളായ കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരാണ് നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുൻ മന്ത്രിസഭകളിലും നിർണ്ണായക വകുപ്പുകൾ കൈകാര്യം ചെയ്ത പരിചയസമ്പന്നത ഇരുവർക്കുമുണ്ട്.
ഇവരെക്കൂടാതെ കോൺഗ്രസിലെ പ്രമുഖ നേതാക്കളായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എം ബി പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, കോലാർ ഗോൾഡ് ഫീൽഡ്സ് എംഎൽഎ രൂപാ ശശിധർ എന്നിവരും നാളത്തെ പട്ടികയിലുണ്ട്.
ഈ മാസം 18-ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അടുത്ത ഘട്ട മന്ത്രിസഭാ വികസനം ഉണ്ടാവുക. നിലവിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും മന്ത്രിസഭയിൽ തനിക്ക് അനുകൂലികളായ എംഎൽഎമാർക്ക് പരമാവധി പ്രാധാന്യം ഉറപ്പാക്കാനും മേൽക്കൈ നേടാനുമുള്ള ശക്തമായ ശ്രമങ്ങൾ സിദ്ധരാമയ്യ നടത്തുന്നുണ്ട്.
കർണാടകയിൽ ആര് മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡിൽ വലിയ തർക്കങ്ങളും നാടകീയമായ ചർച്ചകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയിരുന്നത്. ഒടുവിൽ ഡി കെ ശിവകുമാറിന് അനുകൂലമായി ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുകയായിരുന്നു. നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തേക്കുമെന്നാണ് സൂചന.









0 comments