print edition ബിഹാറിൽ മാറ്റത്തിന്റെ കാറ്റ്‌ : ദീപാങ്കർ ഭട്ടാചാര്യ

dipankar bhattacharya
avatar
എം അഖിൽ

Published on Nov 08, 2025, 03:05 AM | 2 min read


ബിഹാറിലെ അടിത്തട്ടിലെ രാഷ്ട്രീയം, ശക്തമായ ഭരണവിരുദ്ധ വികാരം, മഹാസഖ്യത്തിന്റെ സാധ്യതകൾ തുടങ്ങിയവയെ കുറിച്ച്‌ സിപിഐ എംഎൽ ജനറൽസെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ‘ദേശാഭിമാനി’യോട്‌ സംസാരിക്കുന്നു


​​നിലവിലെ സാഹചര്യം ?

​ബിഹാറിലെ ജനങ്ങൾ ഭരണമാറ്റത്തിനായി കാത്തിരിക്കുന്നു. 2020ൽ ജെഡിയു–ബിജെപി സഖ്യം നേരിയ ഭൂരിപക്ഷത്തിനാണ്‌ രക്ഷപ്പെട്ടത്‌. ഇപ്പോൾ, ജനങ്ങൾ ശരിക്കും മടുത്തിരിക്കുന്നു. ഇ‍ൗ സർക്കാരിനെ എന്തുവിലകൊടുത്തും താഴെയിറക്കണമെന്ന നിശ്‌ചയദാർഢ്യത്തിലാണ്‌ ജനങ്ങൾ. ആ നിശ്‌ചയദാർഢ്യം ഇ‍ൗ തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കും.​


​ഭരണവിരുദ്ധ വികാരം 
സ‍ൗജന്യങ്ങൾ പ്രഖ്യാപിച്ച്‌ 
എൻഡിഎയ്‌ക്ക്‌ മറികടക്കാനാകുമോ ?

​​തെരഞ്ഞെടുപ്പ്‌ കാലത്തെ വാഗ്‌ദാനപ്പെരുമഴ മനസ്സിലാക്കാൻ ബിഹാറി ജനതയ്‌ക്ക്‌ കഴിയും. പ്രത്യേകിച്ചും ബിഹാറിലെ യുവതലമുറയുടെ കണ്ണിൽപൊടിയിടാൻ കഴിയില്ല. തൊഴിൽരഹിതരായി അലയുകയും നാടുവിടാൻ നിർബന്ധിതരാകുകയും ചെയ്യുന്ന യുവാക്കളോട്‌ നല്ല റീൽസുണ്ടാക്കി സോഷ്യൽ മീഡിയയിൽ നിന്നും പൈസയുണ്ടാക്കാനാണ്‌ മോദി പറയുന്നത്‌. സ്‌ത്രീകൾക്ക്‌ തൊഴിൽസഹായമെന്ന നിതീഷ്‌ കുമാറിന്റെ പ്രഖ്യാപനം പാഴാണ്‌. യഥാർഥത്തിൽ, സ്‌ത്രീകൾക്ക്‌ തിരിച്ചടയ്ക്കേണ്ട വായ്‌പയാണ്‌ നൽകുന്നത്‌. ഇ‍ത്തരം സഹായങ്ങൾ അവരെ കൂടുതൽ കടക്കെണിയിലാക്കും.​


​മഹാസഖ്യത്തിൽ 
അലോസരങ്ങളുണ്ടോ ?​​

സീറ്റ്‌ ചർച്ചയ്‌ക്ക്‌ കൂടുതൽ സമയമെടുത്തെന്നത്‌ യാഥാർഥ്യമാണ്‌. പക്ഷേ, എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ഥാനാർഥി പട്ടികയാണ്‌ മഹാസഖ്യത്തിന്റേത്‌. ബിജെപിയുടെ 101 സ്ഥാനാർഥികളിൽ 49 പേരും സവർണ ജാതിക്കാരാണ്‌. ഏറ്റവും പുതിയ സാമൂഹ്യസർവേ പ്രകാരം സവർണ ജാതിക്കാർ ജനസംഖ്യയുടെ 15 ശതമാനം മാത്രമാണ്‌. 15 ശതമാനത്തിൽനിന്ന്‌ 50 ശതമാനം സ്ഥാനാർഥികൾ. ദളിതർക്കും പിന്നോക്കവിഭാഗങ്ങൾക്കും പ്രാതിനിധ്യമില്ല. ഒറ്റ മുസ്ലിം പോലുമില്ല. മഹാസഖ്യത്തിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ട്‌. മഹാസഖ്യത്തിൽ ഇപ്പോൾ കൂടുതൽ ഐക്യവും ഒത്തൊരുമയും ഉണ്ടായെന്നാണ്‌ എന്റെ വിലയിരുത്തൽ. മുകേഷ്‌ സാഹ്‌നിയുടെ വികാസ്‌ശീൽ ഇൻസാൻ പാർടിയുടെ സാന്നിധ്യം നിർണായമാകും.


​എസ്‌ഐആർ 
എത്രത്തോളം മാറ്റം 
ഉണ്ടാക്കി ?

വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ) തീർച്ചയായും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌. പൂർണചിത്രം ഇനിയും കിട്ടിയിട്ടില്ല. ഒരോ മണ്ഡലത്തിലും നമ്മുക്ക്‌ ഉറപ്പുള്ള 10,000 വോട്ടെങ്കിലും വെട്ടിയിട്ടുണ്ടാകുമെന്ന കണക്കുക‍ൂട്ടലിൽ വേണം കാര്യങ്ങൾ തുടങ്ങാനെന്ന്‌ ഞാൻ എല്ലാ സ്ഥാനാർഥികളോടും പറഞ്ഞിട്ടുണ്ട്‌. എവിടെയെല്ലാം എസ്‌ഐആർ നടപ്പാക്കുന്നുണ്ടോ അവിടെയെല്ലാം വ്യാപകമായ വോട്ടുവെട്ടൽ ഉണ്ടാകുമെന്നത്‌ ഉറപ്പാണ്‌. ഇലക്‌ടറൽ ബോണ്ടിന്റെ കാര്യത്തിലെന്ന പോലെ വർഷങ്ങൾക്കുശേഷം സുപ്രീംകോടതി എസ്‌ഐആറും ഭരണഘടനാവിരുദ്ധമെന്ന്‌ ഉത്തരവിട്ടേക്കും. പക്ഷേ,‍ അപ്പോഴേക്കും അത്‌ വലിയ ആഘാതം സൃഷ്‌ടിച്ചിട്ടുണ്ടാവും.



deshabhimani section

Related News

View More
0 comments
Sort by

Home