ad
Deshabhimani

ഭയത്തിന്റെ തടവറയിലെ '56 ഇഞ്ച്': ഡിജിറ്റൽ അടിയന്തരാവസ്ഥയുമായി മോദി സർക്കാർ; പാറ്റകളെപ്പോലും പേടിക്കുന്ന സംഘപരിവാർ ഭീരുത്വം!

image credit : politico.eu

നരേന്ദ്ര മോദി Image Credit : politico.eu

avatar
ശ്രുതി ലേഖ ശിവശങ്കര്‍

Published on May 22, 2026, 12:46 PM | 4 min read

അധികാരത്തിന്റെ ഹുങ്കിൽ ജനാധിപത്യ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വിരൽത്തുമ്പിൽ നിർത്തി വിടുവായത്തം പറയുന്നവർ യഥാർത്ഥത്തിൽ എത്രമാത്രം ഭീരുക്കളാണെന്ന് രാജ്യം വീണ്ടും തിരിച്ചറിയുന്ന ദിവസങ്ങളിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. 56 ഇഞ്ച് നെഞ്ചളവ് എന്ന വായ്ത്താരികൾ കൊണ്ട് സ്വന്തം പിടിപ്പുകേടുകളെ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെപ്പോലെ ഭയം ബാധിച്ച മറ്റൊരു സര്‍ക്കാര്‍ ഇന്ന് ലോകത്ത് വേറെയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഉറപ്പിച്ചുപറയാൻ സാധിക്കും. സോഷ്യൽ മീഡിയയിലെ ഒരു പരിഹാസാത്മക പേജിനെപ്പോലും നേരിടാൻ കേന്ദ്ര ഏജൻസികളെയും നിരോധന നിയമങ്ങളെയും കൂട്ടുപിടിക്കേണ്ടി വരുന്ന ബിജെപിയുടെ ദുരവസ്ഥ ദയനീയമാണ്. ആ നിവൃത്തികേടാണ് 'കോക്രോച്ച് ജനതാ പാർടി'ക്ക് നേരെ ഉണ്ടായ വിലക്കിലൂടെ പുറത്തുവരുന്നത്.


രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷവും യുവാക്കളായിട്ടും അവർക്ക് തൊഴിലോ സുരക്ഷിതത്വമോ നൽകാൻ ബിജെപി ഭരണത്തിന് സാധിച്ചിട്ടില്ല എന്ന് പകൽ പോലെ വ്യക്തമാണ്. ഇതിനെതിരെ സോഷ്യൽമീഡിയയിലൂടെ ഉയർന്നുവന്ന സർഗ്ഗാത്മകമായ ഒരു യുവജന പ്രതിഷേധമായിരുന്നു അഭിഷേക് ഡിപ്‌കേ എന്ന യുവാവ് ആരംഭിച്ച 'കോക്രോച്ച് ജനതാ പാർട്ടി'. തൊഴിലില്ലാത്ത യുവാക്കളെയും പ്രൊഫഷണലുകളെയും 'പാറ്റകളോട്' ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ തമാശരൂപേണ തുടങ്ങിയ ഈ കൂട്ടായ്മ, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജനകീയ സമരമായി മാറുകയും കേന്ദ്ര സർക്കാരിനെ പിടിച്ചുകുലുക്കുന്ന ഒന്നായി മാറുകയും ചെയ്തു.


ചോദ്യം ചോദിച്ചാൽ ഡിജിറ്റൽ വിലക്ക്


പുതിയ തലമുറ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ, മതനിരപേക്ഷത, കോർപ്പറേറ്റ് പ്രീണനം എന്നിവ ചർച്ചയാക്കാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ, ഇതിൽ വിറളിപൂണ്ട കേന്ദ്ര സർക്കാർ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിചിത്ര വാദമുയർത്തി സിജെപിയുടെ എക്സ് അക്കൗണ്ട് പൂട്ടിക്കുകയാണുണ്ടായത്. അതിനെയും സ്വാഭാവികം എന്നേ പറയേണ്ടതുള്ളൂ.


മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും ചരടുവലിച്ചും എല്ലാം ഭദ്രമാണെന്ന് വരുത്തിത്തീർക്കുന്ന സംഘപരിവാറിന്റെ ചുവടുകൾ പിഴച്ചുതുടങ്ങിയിരിക്കുകയാണ്. വിദേശ ഭരണാധികാരികൾക്ക് മിഠായി വിതരണം ചെയ്യുന്ന ഗിമ്മിക്കുകൾ മാത്രമല്ല ഇന്ത്യയിലെ യുവാക്കൾക്ക് വേണ്ടതെന്ന് ഈ പാറ്റാ പ്രസ്ഥാനം മോദി സർക്കാരിനെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോഴും സജീവമായ ഈ കൂട്ടായ്മയുടെ സ്ഥാപകന്റെ വ്യക്തിഗത അക്കൗണ്ടുകൾ പോലും ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുവെന്നത് സര്‍ക്കാര്‍ ഭീകരതയുടെ ആഴം വ്യക്തമാക്കുന്നു.


വിദേശ മാധ്യമപ്രവർത്തകയ്ക്കും വിലക്ക്


ചോദ്യം ചോദിക്കുന്നവരോടും തെറ്റ് ചൂണ്ടിക്കാട്ടുന്നവരോടും മോദി സർക്കാർ ആദ്യമായല്ല ഇത്തരത്തിൽ പെരുമാറുന്നതെന്ന് ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാൽ കാണാൻ സാധിക്കും. നോർവേ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ച വിദേശ മാധ്യമപ്രവർത്തകയ്ക്ക് നേരെയും ഇതേ ഡിജിറ്റൽ ഫാസിസമാണ് കേന്ദ്ര സർക്കാർ അഴിച്ചുവിട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം മോദിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങൾ,സര്‍ക്കാരിനെ അസ്വസ്ഥമാക്കിയതിനെ തുടർന്ന്, ഈ മാധ്യമപ്രവർത്തകയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്യാൻ കേന്ദ്രം സമ്മർദ്ദം ചെലുത്തിയത് നമ്മൾ കണ്ടതാണ്.


രക്തസാക്ഷികളായ പോരാളികൾ


അക്ഷരങ്ങളെയും ചിന്തകളെയും എത്രത്തോളം ഫാസിസം ഭയപ്പെടുന്നു എന്നതിന്റെ തെളിവായിരുന്നു ഡോ നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, പ്രൊഫ എം എം കൽബുർ​ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ ക്രൂരമായ കൊലപാതകം.


ഡോ നരേന്ദ്ര ധാബോൽക്കർ

അന്ധവിശ്വാസങ്ങൾക്കും ആൾദൈവങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പടവാളേന്തി പോരാടിയ ധീരനായ സാമൂഹിക പരിഷ്കർത്താവായിരുന്നു ഡോ. നരേന്ദ്ര ധാബോൽക്കർ. 2013 ആഗസ്ത് 20-ന് പൂനെയിലെ ഓംകാരേശ്വർ പാലത്തിൽ വെച്ച് പ്രഭാതസവാരിക്കിടെയാണ് തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ കൊലയാളികൾ വെടിവെച്ചുകൊന്നത്.

രാജ്യത്ത് പിന്നീട് നടന്ന ഗോവിന്ദ് പൻസാരെ, കലബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളുടെ ക്രൂരമായ തുടക്കമായിരുന്നു ഡോ. ധാബോൽക്കറുടെ രക്തസാക്ഷിത്വം.


ഗോവിന്ദ് പൻസാരെ

ഇന്ത്യയിലെ വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുകയും, ചരിത്രത്തെ ജനകീയവത്കരിക്കാൻ ജീവിതം സമർപ്പിക്കുകയും ചെയ്ത മുൻനിര കമ്മ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായിരുന്നു സഖാവ് ഗോവിന്ദ് പൻസാരെ. 2015 ഫെബ്രുവരി 16-നാണ് കോലാപ്പൂരിൽ വെച്ച് പ്രഭാതസവാരിക്കിടെ സനാതൻ സൻസ്ത എന്ന തീവ്ര ഹിന്ദുത്വ സംഘടനയിലെ അക്രമികൾ സഖാവിനും ഭാര്യ ഉമാ പൻസാരെയ്ക്കും നേരെ വെടിയുതിർത്തത്. കടുത്ത പരിക്കുകളോട് പൊരുതിയ സഖാവ് ഫെബ്രുവരി 20-ന് രക്തസാക്ഷിത്വം വരിച്ചു. ഡോ. നരേന്ദ്ര ധാബോൽക്കർക്ക് ശേഷം രാജ്യം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായിരുന്നു അത്.


പ്രൊഫ എം എം കലബുർ​ഗി

ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാർ അജണ്ടകളെ അക്കാദമിക മികവോടെ പ്രതിരോധിക്കുകയും, ബസവേശ്വരന്റെയും ലിംഗായത്ത് പ്രസ്ഥാനത്തിന്റെയും വിപ്ലവകരമായ മതേതര പാരമ്പര്യം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ധീരനായ ഗവേഷകനും മുൻ വൈസ് ചാൻസലറുമായിരുന്നു പ്രൊഫ എം എം കലബുർഗി. 2015 ആഗസ്ത് 30-നാണ് കർണാടകയിലെ ധാർവാഡിലുള്ള വസതിയിൽ വെച്ച് തീവ്ര വലതുപക്ഷ ഭീകരർ ഈ 77-കാരനായ വയോധികനെ വെടിവെച്ചുകൊന്നത്.


ഗൗരി ലങ്കേഷ്

കോർപ്പറേറ്റ്-വർഗീയ കൂട്ടുകെട്ടുകൾക്കെതിരെയും സംഘപരിവാർ ഫാസിസത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച ധീര മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ മോദി സർക്കാർ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കിയതും ഇതേ ഇന്ത്യയിലാണ്. മാധ്യമപ്രവർത്തനത്തെ ജനകീയ പോരാട്ടങ്ങളുടെ ആയുധമാക്കിയ ഗൗരി, എന്നും ജനപക്ഷത്തുനിന്നുള്ള വിപ്ലവ ശബ്ദമായിരുന്നു. 2017 സെപ്റ്റംബർ 5-നാണ് ബംഗളൂരുവിലെ വീട്ടുപടിക്കൽ വെച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ത ഭീകരർ അവരെ വെടിവെച്ചുകൊന്നത്.


പ്രതിഷേധത്തെ ഭയക്കുന്ന സർക്കാർ


അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന വിമർശകരെ രാജ്യത്തുനിന്നും തുടച്ചുനീക്കുമെന്ന ഭയപ്പെടുത്തൽ പ്രൊപ്പഗണ്ടയിലൂടെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാർ. രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം, ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ച എന്നിവയെക്കുറിച്ച് സംസാരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതാണ് നിലവിലെ കേന്ദ്ര നയം. ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്ന സാധാരണക്കാരായ യുവാക്കളെയും മാധ്യമപ്രവർത്തകരെയും വേട്ടയാടാൻ പ്രത്യേക സൈബർ സെല്ലുകൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും നമുക്ക് മുന്നിലുണ്ട്. കർഷക സമര കാലത്തും സമാനമായ രീതിയിൽ നൂറുകണക്കിന് എക്സ് അക്കൗണ്ടുകൾ കേന്ദ്രം പൂട്ടിച്ചിരുന്നു.


ലക്ഷക്കണക്കിന് യുവാക്കൾ അണിനിരന്ന കോക്രോച്ച് ജനതാ പാർടി എന്ന കൂട്ടായ്മ, പരിഹാസരൂപേണ സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ തുറന്നുകാട്ടിയിരുന്നു. അതിനാൽത്തന്നെയാണ് സിജെപിയുടെ അക്കൗണ്ട് ദിവസങ്ങൾക്കുള്ളിൽ പൂട്ടിച്ചതും. ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഒളിച്ചോടാൻ ഫാസിസ്റ്റ് സര്‍ക്കാര്‍ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ നടപടി.


പ്രതിഷേധം കനലായി കത്തിപ്പടരും


നിയമങ്ങൾ വളച്ചൊടിച്ചും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചും യുവാക്കളുടെ ചിന്തകളെയും ചോദ്യങ്ങളെയും ചങ്ങലയ്ക്കിടാമെന്ന് മോദി സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന യുവത്വം ഈ വ്യവസ്ഥിതിയോട് എത്രമാത്രം നിരാശരാണെന്നും അവർ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ പ്രകടനവുമാണ് ഈ 'പാറ്റ വ്യാപനത്തിലൂടെ' രാജ്യം കാണുന്നത്. സർക്കാരിന്റെ ഈ കരിനിയമങ്ങൾക്കെതിരെയും അക്കൗണ്ടുകൾ കൂട്ടത്തോടെ പൂട്ടിക്കുന്ന ഡിജിറ്റൽ അടിയന്തരാവസ്ഥയ്‌ക്കെതിരെയും രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയരുന്നത്.


'കോക്രോച്ച് ജനതാ പാർടി'യുടെ അക്കൗണ്ട് പൂട്ടിച്ചതിന് പിന്നാലെ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ച് യുവാക്കൾ ഡിജിറ്റൽ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. അധികാരത്തിന്റെ ബലത്തിൽ ചോദ്യം ചോദിക്കുന്നവരുടെ വായടപ്പിക്കാമെന്ന മോദി സർക്കാരിന്റെ വ്യാമോഹങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നതിൽ സംശയം ലെവലേശം വേണ്ട. ഡിജിറ്റൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച് വായടപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ, കനലണയാത്ത യുവജന പ്രതിരോധം തെരുവുകളിലും സൈബർ ഇടങ്ങളിലും ഇനിയും ആളിപ്പടരുക തന്നെ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home