അടിത്തറ ഉയർത്താൻ ശ്രമം; ഇരുനിലക്കെട്ടിടം ചരിഞ്ഞു

എറണാകുളം എം ജി റോഡിൽ ഉയർത്തുന്നതിനിടയിൽ ചെരിഞ്ഞ കെട്ടിടം
കൊച്ചി
അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി ഇരുനിലക്കെട്ടിടം ചരിഞ്ഞു. എറണാകുളം എംജി റോഡിൽ വുഡ്-ലൻഡ്സ് ജങ്‌ഷന് സമീപത്തുള്ള കെട്ടിടമാണ് മറ്റൊരു ബഹുനിലക്കെട്ടിടത്തിലേക്ക് ചരിഞ്ഞത്. ചൊവ്വ വൈകിട്ട് ആറിനാണ് അപകടം. ജാക്കിതെന്നി അടുത്തുള്ള എൻസൈൻ ബിൽഡിങ്ങിലേക്ക് ചരിയുകയായിരുന്നു. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ നിരവധി സ്വകാര്യസ്ഥാപനങ്ങൾ ഇൗ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചരിഞ്ഞ കെട്ടിടത്തിന്റെ താഴത്തെനില ഭാഗികമായി തകർന്നു.
കുറച്ചുനാളായി താമസം ഇല്ലാതിരുന്ന കെട്ടിടം ഇഖ്ബാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.
മഴക്കാലത്ത് താഴത്തെനിലയിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാണ് അടിത്തറ ഉയർത്താൻ ശ്രമിച്ചതെന്ന് ഉടമയുടെ ബന്ധു പറഞ്ഞു. നാലടി ഉയർത്താനായിരുന്നു ലക്ഷ്യം. നഗരസഭയുടെയോ അഗ്നി രക്ഷാസേനയുടെയോ മുൻകൂർ അനുമതിയില്ലാതെയാണ് നിർമാണപ്രവർത്തനമെന്നാണ് വിവരം. ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയാണ് കരാർ എടുത്തിരുന്നത്. ചരിഞ്ഞ കെട്ടിടം സുരക്ഷിതമായി പൊളിച്ചുമാറ്റുന്നതുവരെ എൻസൈൻ ബിൽഡിങ്ങിലുള്ളവർ ജാഗ്രതപാലിക്കണമെന്നും കെട്ടിടത്തിൽ പ്രവേശിക്കരുതെന്നും അഗ്നി രക്ഷാസേന മുന്നറിയിപ്പ് നൽകി.










0 comments