ad
Deshabhimani

വീണത് സോഷ്യൽ എൻജിനിയറിങിൽ നിർണായക പങ്കുവഹിച്ച നേതാവ്; ബിജെപിക്ക് കനത്ത തിരിച്ചടി

Dharmendra Pradhan

ധർമേന്ദ്ര പ്രധാൻ

വെബ് ഡെസ്ക്

Published on Jul 25, 2026, 03:23 PM | 1 min read

ന്യൂഡല്‍ഹി: രാജ്യമാകെ അലയടിച്ച വിദ്യാർഥി- യുവജന രോഷത്തിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ടിവന്നത് ബിജെപി സർക്കാരിനും ആർഎസ്എസിനും കനത്ത തിരിച്ചടിയാണ്. ഒഡിഷയിൽ നിന്നുള്ള എം പിയായ പ്രധാൻ (57)ബിജെപിയുടെ സോഷ്യൽ എൻജിനിയറിങ് രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കുന്ന നേതാവാണ്. സംഘപരിവാർ രാഷ്ട്രീയത്തിന് അതിപ്രധാനമായ വിദ്യാഭ്യാസ വകുപ്പ് പ്രധാനെ ഏൽപ്പിച്ചത് തെരഞ്ഞുപിടിച്ചാണ്. ഇത്തരമൊരു നേതാവിനെ കൈവിടേണ്ടി വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷീണമാണ്.


എബിവിപി വഴി പൊതുരംഗത്തു വന്ന പ്രധാൻ ഒഡിഷയിൽ ബിജെപിയുടെ മുഖമാണ്. മുമ്പ് കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്നു. മധ്യപ്രദേശിൽ നിന്നും ബിഹാറിൽ നിന്നും രാജ്യസഭയിൽ എത്തിച്ച് ബിജെപി വളർത്തിയ നേതാവാണ്.


വിദ്യാഭ്യാസ മന്ത്രിയായ ശേഷം വിവാദങ്ങൾ തുടർച്ചയായി ഉയർന്നു. ദേശീയ മത്സര പരീക്ഷ ചോദ്യപേപ്പർ ചോർച്ചകൾ സർക്കാരിന് തിരിച്ചടിയായി. പ്രധാനെ സംരക്ഷിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങൾ യുവജന പ്രക്ഷോഭത്തിനു മുന്നിൽ പൊളിഞ്ഞു. അതേസമയം മോദി സർക്കാരിൻ്റെ പരാജയങ്ങളുടെ പ്രതീകം മാത്രമാണ് പ്രധാൻ.


വിദ്യാഭ്യാസ മേഖലയെ സമ്പൂർണമായി സ്വകാര്യവൽക്കരിക്കുന്ന മോദി സർക്കാർ നയത്തിനേറ്റ പ്രഹരം കൂടിയാണ് ഈ പ്രക്ഷോഭം. ദേശീയ മത്സര പരീക്ഷകളെ ചൂതാട്ടമാക്കി മാറ്റിയ പരിഷ്കാരങ്ങൾ, പിന്തിരിപ്പൻ വിദ്യാഭ്യാസ നയം എന്നിവയ്ക്കെതിരായ ബഹുജന പ്രസ്ഥാനമായി പ്രക്ഷോഭം മാറി. ജന്തർ മന്ദറിൽ സമരത്തിൽ അണിചേരാൻ മണിക്കൂറുകൾ വരിനിൽക്കാൻ യുവജനങ്ങൾ സന്നദ്ധരായി. പ്രക്ഷോഭകർക്ക് ഭക്ഷണവും മരുന്നും നൽകാൻ ജനങ്ങൾ മുന്നോട്ടുവന്നു. വ്യാപാരികളും മത നേതാക്കളും പിന്തുണ നൽകി. സമരത്തിന് ലഭിച്ച ജനപിന്തുണയ്ക്ക് മുന്നിൽ മോദി സർക്കാർ ഒറ്റപ്പെട്ടു. കർഷക പ്രക്ഷോഭം ഏൽപ്പിച്ചതിനെക്കാൾ കനത്ത പ്രഹരമാണ് ഇപ്പോൾ ബിജെപി സർക്കാരിന് ഏറ്റിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home