print edition തോറ്റത് ഗോദി മാധ്യമങ്ങളും

ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ജന്തർമന്തറിൽ ആഹ്ലാദം പങ്കിടുന്ന പ്രവർത്തകൻ
ന്യൂഡൽഹി : ആദ്യദിനം മുതൽ സമരാഗ്നി അണയ്ക്കാൻ ബിജെപിയുടെ അച്ചാരംവാങ്ങി തുള്ളിയ മാധ്യമ സിൻഡിക്കേറ്റിന് ധർമേന്ദ്ര പ്രധാന്റെ രാജി മുഖത്തേറ്റ അടിയായി. പാകിസ്ഥാൻ ബന്ധം, ചൈനീസ് പണം എന്നീ സ്ഥിരം സംഘപരിവാർ അജൻഡകൾ നിരത്തി വിദ്യാർഥി പോരാട്ടത്തെ ദേശവിരുദ്ധമായി ചിത്രീകരിക്കാൻ ഈ മാധ്യമപ്പട കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ, സംഘപരിവാർ തിണ്ണനിരങ്ങികളുടെ കള്ളക്കഥകളെ തള്ളി രാജ്യം പോരാടുന്ന യുവതയ്ക്കൊപ്പം ഉറച്ചുനിന്നു.
സമരവേദിയിലെത്തി സമരം പൊളിക്കാൻ റിപ്പോർട്ടിങ് നടത്തിയ ഇന്ത്യ ടുഡേ, റിപ്പബ്ലിക്, എൻഡിടിവി, ആജ് തക്, ടൈംസ് നൗ തുടങ്ങിയ പ്രധാന ബിജെപി അനുകൂല ചാനലുകളും യൂ ട്യൂബർമാരും സമരക്കാരുടെ ചൂടറിഞ്ഞു. ഗോദി മാധ്യങ്ങൾക്കെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ മൈക്ക് ഓഫാക്കി ഇവർ തടിതപ്പി. ജന്തർ മന്തറിൽ നിന്നുള്ള നേരിട്ടുള്ള റിപ്പോർട്ടിങ്ങും ഇവർക്ക് അസാധ്യമായി. കേരളത്തിൽ നിന്നുള്ള ജനം ടിവിയേയും ഇക്കൂട്ടത്തിൽപ്പെടും. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമി സമരത്തെ ‘ഭാരത വിഭജന’മായി പോലും ചിത്രീകരിച്ച് വാർത്തയെഴുതി. എന്നാൽ ബിജെപിക്ക് വഴങ്ങാത്ത യുട്യൂബ് ചാനലുകളും സമൂഹമാധ്യമങ്ങളും നേരിന്റെ ശബ്ദമായി.
അതേസമയം അന്താരാഷ്‌ട്ര മാധ്യമങ്ങൾ പ്രക്ഷോഭം ആഗോള തലത്തിലെത്തിക്കാൻ മുന്നിൽ നിന്നു. അൽ ജസീറ, റോയിട്ടേഴ്‌സ്, ഗാർഡിയൻ, ബിബിസി, ചില ഫ്രഞ്ച്, ജർമൻ, ഓസ്‌ട്രലിയൻ വാർത്താചാനലുകൾ തുടങ്ങിയവ കാമറകണ്ണുകൾ തുറന്നുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്താരാഷ്‌ട്ര പ്രതിച്ഛായയും ഇതോടെ കുത്തനെ ഇടിഞ്ഞു. ബ്രിട്ടൻ, അമേരിക്ക, ജർമനി, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിൽ വിദേശപൗരരും അണിനിരന്നു.
തുടക്കത്തിൽ മുഖംതിരിച്ച് കോൺഗ്രസ്
വിദ്യാർഥി– യുവജന പ്രക്ഷോഭത്തോട് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് തുടക്കത്തിൽ മുഖംതിരിച്ചു. കോക്രോച്ച് ജനതാ പാർടി കരുത്താർജിച്ചാൽ ഉള്ളവോട്ടുകൂടി ചോരുമോയെന്നായിരുന്നു ആശങ്ക. സിജെപി മോദി സർക്കാരിന്റെ സൃഷ്ടിയാണെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്. വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള ഇന്ത്യാ കൂട്ടായ്‌മയുടെ യോഗത്തിൽ ജന്തർമന്തർ സമരത്തിൽനിന്ന് അകലം പാലിക്കണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി സ്വീകരിച്ചു.
സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും മറ്റ് പ്രതിപക്ഷ പാർടികളും ഇൗ നിലപാട് തള്ളി. കൂട്ടായ്മയിൽ ഒറ്റപ്പെട്ടിട്ടും ജന്തർമന്തർ സമരത്തോട് കോൺഗ്രസ് അകലം പാലിച്ചു. ജന്തർമന്തറിലേക്ക് ജനപ്രവാഹമായതോടെ നിലപാട് മാറ്റേണ്ടിവന്നെങ്കിലും
രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളാരും സമരവേദിയിലെത്തിയില്ല. പകരം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലേക്ക് സമരം നടത്തി യുവജനപ്രക്ഷോഭത്തിന്റെ ഭാഗമായി.










0 comments