print edition ഹുങ്കിനേറ്റ തിരിച്ചടി

എം പ്രശാന്ത്
Published on Jul 26, 2026, 12:48 AM | 1 min read
ന്യൂഡൽഹി : ഭരണഘടനയെയും ജനാധിപത്യത്തെയും നീതിന്യായ– തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയുമെല്ലാം ചവിട്ടിമെതിച്ച് ഏകാധിപത്യത്തിന്റെ രഥചക്രമോടിച്ച മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും ഹുങ്കിനേറ്റ തിരിച്ചടിയാണ് ധർമേന്ദ്ര പ്രധാന്റെ രാജി. വിദ്യാഭ്യാസ മേഖലയിലടക്കം സർക്കാർ പിന്തുടരുന്ന ജനവിരുദ്ധനയങ്ങൾ തിരുത്തിയില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഇൗ പ്രക്ഷോഭം. നാഷണൽ ടെസ്‌റ്റിങ് ഏജൻസി പിരിച്ചുവിടുക, കാവിവൽക്കരണത്തിലും കേന്ദ്രീകരണത്തിലും കച്ചവടത്തിലുമൂന്നിയ ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ശേഷിക്കുന്നു. ഇതിനായുള്ള പ്രക്ഷോഭങ്ങൾ പല രൂപഭാവങ്ങളിലായി വിദ്യാർഥി– യുവജന സംഘടനകൾ തുടരും.
2014ൽ കേവല ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയതുമുതൽ ഫാസിസ്റ്റ് ശൈലിയിലുള്ള സമീപനമായിരുന്നു മോദി സർക്കാരിന്റേത്. ഒരേ സമയം വർഗീയതയെയും കോർപ്പറേറ്റുകൾക്ക് അനുകൂലമായ തീവ്രവലതു സാമ്പത്തികനയങ്ങളെയും പിന്തുടർന്നു. ജമ്മു–കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, പൗരത്വഭേദഗതി നിയമം, തൊഴിൽ കോഡുകൾ എന്നിവ ഏകപക്ഷീയമായി നടപ്പാക്കി. ചർച്ചപോലുംമില്ലാതെയാണ് പല സുപ്രധാനബില്ലുകളും പാസ്സാക്കിയത്.
പ്രതിഷേധങ്ങളെ അടിച്ചമർത്താൻ യുഎപിഎ, എൻഐഎ, ഇഡി നിയമങ്ങൾ ഭേദഗതി ചെയ്‌തു. കശ്‌മീർ പ്രക്ഷോഭത്തെയും പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെയും അടിച്ചമർത്തി. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരെ തുറുങ്കിലടച്ചു. തൊഴിൽകോഡുകൾക്കെതിരായ സമരത്തെയും അടിച്ചൊതുക്കി. കാർഷിക നിയമങ്ങൾക്കെതിരായ കർഷകസമരഘട്ടത്തിലും ഗുസ്‌തി ഫെഡറേഷനെ നയിച്ച ബ്രിജ്‌ഭൂഷൺ സിങിനെതിരായ ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭത്തിലും സർക്കാർ പതറി.
കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നു. ബ്രിജ്‌ഭൂഷണിനെ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ നിർബന്ധിതരായി. സംഘപരിവാർ അജൻഡകളാൽ കുത്തിനിറച്ച പുതിയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിച്ചതോടെ സർക്കാർ സ്‌കൂളുകൾ കൂട്ടമായി പൂട്ടി. സ്വകാര്യമേഖലയിലെ ഉയർന്ന ഫീസ് താങ്ങാനാവാതെ സാധാരണക്കാർ വലഞ്ഞു. തുടർച്ചയായ ചോദ്യച്ചോർച്ച കൂടിയായതോടെ വിദ്യാർഥി– യുവജനരോഷം അണപൊട്ടി. തൊഴിലില്ലായ്‌മയിലും തൊഴിൽസുരക്ഷയില്ലായ്‌മയിലും അസ്വസ്ഥരായ വിദ്യാർഥി–യുവജന രോഷം സമരജ്വാലയായി പടർന്നതോടെയാണ് സർക്കാർ മുട്ടുമടക്കിയത്.










0 comments