ad
Deshabhimani

print edition തച്ചുടയ്ക്കലിൽ തളരാതെ

protest

ധർമേന്ദ്ര പ്രധാൻ രാജിവച്ചതറിഞ്ഞ് ആഹ്ലാദിക്കുന്നവർ

avatar
കെ പി അക്ഷയ്‌

Published on Jul 26, 2026, 12:29 AM | 1 min read

ന്യ‍ൂഡൽഹി : ധർമേന്ദ്ര പ്രധാനെ രാജിവയ്‌പ്പിച്ചത്‌ മോദി സർക്കാരിന്റെ അടിച്ചമർത്തൽ നീക്കങ്ങളെയും ദ്രോഹനടപടികളെയും അതിജീവിച്ച 35 ദിവസത്തെ പ്രക്ഷോഭം. പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച കേന്ദ്രസർക്കാരിനുള്ള താക്കീതാണ്‌ ഇ‍ൗ സമരവിജയം. വിദ്യാർഥികളെ ക്രൂരമായി മർദിച്ചും ഇന്റർനെറ്റ്‌ വിലക്കിയും ഭക്ഷണവിതരണം തടഞ്ഞും സമരത്തിന്‌ തടയിടാൻ ശ്രമിച്ചു. സിജെപിയുടെ എക്‌സ്‌ അക്ക‍ൗണ്ടിനും വെബ്‌സൈറ്റിനും വിലക്കേർപ്പെടുത്തി. പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ നിരന്തരം പ്രതിഷേധിച്ചതോടെ എസ്‌എഫ്‌ഐ ഡൽഹിയുടെ ഇൻസ്റ്റഗ്രാം അക്ക‍ൗണ്ടിനും നിയന്ത്രണമേർപ്പെടുത്തി.


ചോദ്യപേപ്പർ ചോർച്ച പ്രതിഷേധങ്ങളുടെ ഭാഗമായി എഴുന്ന‍‍ൂറിലധികം എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ രാജ്യത്ത്‌ അറസ്റ്റിലായത്‌. ജന്തർമന്തറിൽ സിജെപി, എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌, ഐസ തുടങ്ങിയ സംഘടനകൾ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ഡൽഹി പൊലീസ്‌ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സമരത്തിന്‌ പൊലീസ്‌ അനുമതി നിഷേധിച്ചു. രാത്രി ജന്തർമന്തറിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. കുടിവെള്ള വിതരണവും തടഞ്ഞു. വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. നിരാഹാരമിരുന്ന സോനം വാങ്‌ചുക്കിനെ ബലമായി ജന്തർമന്തറിൽനിന്ന്‌ നീക്കുന്നത്‌ തടഞ്ഞ പ്രവർത്തകരെ മർദിച്ചു.


പാർലമെന്റ്‌ മാർച്ചിനുനേരെ യൂണിഫോമും നെയിം ബോർഡില്ലാതെയും മുഖംമറച്ചും പൊലീസ്‌ ലാത്തിവീശി. പെല്ലറ്റ് ആക്രമണവും നടത്തി. നൂറുകണക്കിനാളുകൾക്ക്‌ പരിക്കേറ്റു. പരിക്കേറ്റ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ തടങ്കലിലാക്കി.

സെൻട്രൽ ഡൽഹിയിലെ ഇന്റർനെറ്റ്‌ വിച്ഛേദിച്ചു. പതിനാറ്‌ മെട്രോ സ്റ്റേഷനുകൾ അടിച്ചിട്ടു. പ്രതിഷേധത്തിൽ പങ്കെടുത്ത്‌ മടങ്ങുന്നവരെ അറസ്റ്റുചെയ്തു. സമരത്തിനെത്തുന്നവരെ ഡൽഹി അതിർത്തികളിൽ തടഞ്ഞു. പ്രതിഷേധക്കാരെ തടങ്കലിലിടാൻ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങൾ ഡൽഹി പൊലീസിന്‌ കേന്ദ്രസർക്കാർ നൽകി. ഇതൊന്നും പോരാട്ടവീര്യത്തെ തളർത്തിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home