എസി പൊട്ടിത്തെറിച്ച് തീപിടുത്തം; കോംപറ്റീഷൻ കമ്മീഷൻ മുൻ ചെയർമാൻ ധനേന്ദ്ര കുമാർ മരിച്ചു, മകന് പരിക്ക്

പൊട്ടിത്തെറിയില്‍ വീട് കത്തിക്കരിഞ്ഞ നിലയില്‍ (ഇടത്) നേന്ദ്ര കുമാര്‍(വലത്) PHOTO: NDTV
ന്യൂഡൽഹി: എസി പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ കോംപറ്റീഷൻ കമ്മീഷൻ മുൻ ചെയർമാൻ ധനേന്ദ്ര കുമാറിന് (80) ദാരുണാന്ത്യം. തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസിലുള്ള അദേഹത്തിന്റെ വസതിയിൽ രാത്രിയോടെയായിരുന്നു അപകടം നടന്നത്. തീപിടുത്തത്തിൽ പരിക്കേറ്റ ധനേന്ദ്ര കുമാറിന്റെ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് റിപ്പോർട്. എസിയുടെ ഇൻഡോർ യൂണിറ്റ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
അപകടസമയത്ത് ധനേന്ദ്ര കുമാറിന്റെ കുടുംബാംഗങ്ങളും ജോലിക്കാരും ഉൾപ്പെടെ അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്. അപകട വാർത്തയറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടൻ ധനേന്ദ്ര കുമാറിനെയും മകനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുക ശ്വസിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായ ധനേന്ദ്ര കുമാർ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പൊട്ടിത്തെറിയിൽ വീടിന്റെ തറയും ചുവരുകളും കട്ടിയിലുള്ള ചാരവും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞ നിലയിലാണ്, കൂടാതെ കത്തിയ വസ്ത്രങ്ങളുടെ കൂട്ടവും ഒരു സ്യൂട്ട്കേസും കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. 1968 ബാച്ച് ഹരിയാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ധനേന്ദ്ര കുമാർ. ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളിലും ഭരണരംഗത്തും നിർണായക പങ്ക് വഹിച്ച അദ്ദേഹം കേന്ദ്ര സർക്കാരിലും ഹരിയാന സർക്കാരിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം, റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം എന്നിവയിൽ കേന്ദ്ര സെക്രട്ടറിയായി പ്രവർത്തിച്ചു.









0 comments