വിമാനയാത്രയിൽ 'അച്ചടക്കം' നിർബന്ധം; മോശം പെരുമാറ്റത്തിന് പുതിയ നിർവചനങ്ങൾ പുറത്തിറക്കി ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ യാത്രക്കാർ നടത്തുന്ന മോശം പെരുമാറ്റങ്ങൾ തടയുന്നതിനായി കർശന നടപടികളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ.
വിമാനത്തിനകത്ത് അച്ചടക്കമില്ലാതെ പെരുമാറുന്നവരെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി 'മോശം പെരുമാറ്റത്തിന്' പുതിയ ആറ് നിർവചനങ്ങൾ കൂടി ഡിജിസിഎ കൂട്ടിച്ചേർത്തു. പുതിയ ഭേദഗതി പ്രകാരം വിമാനത്തിനകത്ത് പുകവലിക്കുന്നത് കുറ്റകരമായ പെരുമാറ്റത്തിന്റെ പരിധിയിൽ വരും.
കൂടാതെ, ആഭ്യന്തര വിമാനങ്ങളിൽ മദ്യപിക്കുന്നത്, എമർജൻസി എക്സിറ്റുകളിൽ അനാവശ്യമായി സ്പർശിക്കുന്നത്, ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത്, വിമാനത്തിനകത്ത് മുദ്രാവാക്യം വിളിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നത്, മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നിവയും ചട്ടങ്ങൾ പ്രകാരം നിരോധനം ലഭിക്കാനുള്ള പെരുമാറ്റങ്ങളാണ്.
ഇതുകൂടാതെ, ഹെഡ്‌ഫോണുകൾ ഇല്ലാതെ ഉച്ചത്തിൽ സംഗീതം കേൾക്കുന്നതും സഹയാത്രികരുടെ സീറ്റുകളിൽ ചവിട്ടുന്നതും മോശം പെരുമാറ്റമായി കണക്കാക്കി നടപടിയെടുക്കാൻ എയർലൈനുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കുറ്റക്കാരായ യാത്രക്കാരെ 30 ദിവസം വരെ വിമാനയാത്രയിൽ നിന്ന് വിലക്കാൻ എയർലൈനുകൾക്ക് അധികാരമുണ്ടാകും. രാജ്യത്തെ വിമാനയാത്ര സുരക്ഷിതവും മാന്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.










0 comments