വ്യോമയാന നിയമങ്ങൾ ലംഘിച്ചു; രണ്ട് വർഷത്തിനിടെ ഡിജിസിഎ നൽകിയത് 352 കാരണംകാണിക്കൽ നോട്ടീസുകൾ

ന്യൂഡൽഹി: രാജ്യത്തെ വിമാനക്കമ്പനികൾ വ്യോമയാന നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിക്കുന്നതിൽ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിവിധ വിമാനക്കമ്പനികൾക്കായി 352 കാരണംകാണിക്കൽ നോട്ടീസുകൾ നൽകിയതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. സുരക്ഷാ വീഴ്ചകൾ, പൈലറ്റുമാരുടെ ജോലി സമയ ക്രമീകരണം, യാത്രക്കാരുടെ അവകാശ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നടപടി.
രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. 2024 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണിത്.
പട്ടികയിൽ ഏറ്റവും കൂടുതൽ നോട്ടീസുകൾ ലഭിച്ചത് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്കാണ് (98 എണ്ണം). എയർ ഇന്ത്യ (84 നോട്ടീസുകൾ), എയർ ഇന്ത്യ എക്സ്പ്രസ് (65 നോട്ടീസുകൾ) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
മറ്റ് വിമാനക്കമ്പനികളായ സ്‌പൈസ് ജെറ്റ്: 45, അലയൻസ് എയർ: 23, ആകശ എയർ: 17, ഫ്ലൈ ബിഗ്: 12, എഐഎക്സ് കണക്ട്: 7 എന്നിവയ്ക്കും നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. ആകെ ലഭിച്ച 352 നോട്ടീസുകളിൽ 139 എണ്ണത്തിൽ പിഴ ശിക്ഷ ഏർപ്പെടുത്തി. 113 കേസുകളിൽ വിമാനക്കമ്പനികൾക്ക് ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൈലറ്റുമാരുടെ വിശ്രമവേളകൾ വെട്ടിക്കുറയ്ക്കുക, യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ നൽകാതിരിക്കുക, സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് നോട്ടീസുകൾക്ക് കാരണമായ പ്രധാന ഘടകങ്ങൾ. സുരക്ഷാ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ഡിജിസിഎ.










0 comments