ഡെറാഡൂണിൽ മേഘവിസ്ഫോടനം: കനത്ത മഴയെ തുടർന്ന് വീടുകളും ഐടി പാർക്കുകളും വെള്ളത്തിനടിയിൽ

ഡെറാഡൂൺ: ഡെറാഡൂണിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്തമഴയിൽ രണ്ടുപേരെ കാണാതായി. കടകൾ ഒലിച്ചു പോയി. തപോവനിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. സഹസ്രധാരയിലും ഐടി പാർക്ക് പ്രദേശത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. കാർലിഗാഡ് നദിയിൽ ഉണ്ടായ വൻ വെള്ളപ്പൊക്കം പ്രദേശത്ത് കനത്ത നാശനഷ്ടങ്ങൾ വരുത്തി. പ്രദേശത്തു നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു.
ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനകൾ സ്ഥലത്തുണ്ട്. ഡെറാഡൂണിൽ 12ാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് അവധി നൽകി. മഴയെ തുടർന്ന് ഋഷികേശ് മേഖലയിൽ ചന്ദ്രഭാഗ നദി കരകവിയുകയാണ്. പുഴയിൽ കുടുങ്ങിയ മൂന്നുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. പിത്തോർഖണ്ഡ് ജില്ലയിൽ നേരത്തെയുണ്ടായ മണ്ണിടിച്ചിലിൽ റോഡ് തകർന്നിരുന്നു. ഗതാഗതം നിലച്ച ഇവിടെ പകരം സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഡെറാഡൂണിലെ സഹസ്രധാരയിൽ കനത്ത മഴയെത്തുടർന്ന് ചില കടകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.









0 comments