print edition വനിതാസംവരണത്തിന്റെ മറവിൽ മണ്ഡലപുനര്‍നിർണയം; പ്രതിപക്ഷം എതിര്‍ക്കും


എം അഖിൽ
Published on Apr 15, 2026, 12:00 AM | 2 min read
ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ പഴയ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനര്‍നിർണയം നടത്തി ലോക്‌സഭ, നിയമസഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തെ പ്രതിപക്ഷകക്ഷികൾ ശക്തമായി എതിർത്തേക്കും. വ്യാഴാഴ്‌ച്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനര്‍നിർണയ ബിൽ–2026, കേന്ദ്രഭരണപ്രദേശ നിയമ ഭേദഗതി ബിൽ–2026, 131ാം ഭരണഘടനാ ഭേദഗതി ബിൽ–2026 എന്നിവയാണ് കേന്ദ്രം കൊണ്ടുവരുന്നത്. സംസ്ഥാനസർക്കാരുകളുമായും പ്രതിപക്ഷവുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയിട്ടില്ല. ചൊവ്വാഴ്‌ച മാത്രമാണ് ബില്ലുകളുടെ പകർപ്പുകൾ അംഗങ്ങൾക്ക് കേന്ദ്രം വിതരണം ചെയ്‌തത്. പ്രതിപക്ഷം ബുധനാഴ്‌ച യോഗം ചേർന്ന് പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടില്‍ തീരുമാനമെടുക്കും.
മണ്ഡല പുനര്‍നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയപ്രാതിനിധ്യം വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കകൾക്ക് കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഉത്തർപ്രദേശ്, ബിഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ സീറ്റ് ഗണ്യമായി കൂടും. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ശുഷ്‌കമാകും. ബില്ലുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ‘തുല്യമായ ആനുപാതിക വർധന’ ഉറപ്പാക്കും എന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള കരടിൽ ഇതേകുറിച്ച് പരാമർശമില്ല. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ശിക്ഷിക്കുകയാണെന്ന വിമർശവും ശക്തമായി. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും വിഭജിക്കുന്നതാണ് പുതിയ ബില്ലിലെ വ്യവസ്ഥകളെന്നും പരാതി ഉയരുന്നു. 2029 തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് കേന്ദ്രം അധികാരം നിലനിർത്താനുള്ള വളഞ്ഞവഴി തേടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭേദഗതികള്‍
ലോക്‌സഭയിലെ സീറ്റുകൾ 543ൽ നിന്നും 850 ആക്കി ഉയർത്താനാണ് 131ാം ഭരണഘടനാഭേദഗതി ബില്ലിലെ മുഖ്യശുപാർശ. ഭരണഘടനയുടെ 81ാം അനുച്ഛേദത്തിൽ മാറ്റങ്ങൾ വരുത്തി പ്രാദേശിക നിയോജകമണ്ഡലങ്ങളിൽ നിന്ന് 815 അംഗങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന് 35 അംഗങ്ങളെയും തെരഞ്ഞെടുക്കും. നിലവിൽ, കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന് 19 എംപിമാരാണുള്ളത്.മണ്ഡല പുനര്‍നിർണയവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 82ാം അനുച്ഛേദത്തിലും വലിയ മാറ്റംവരുത്തും. ‘2026ന് ശേഷമുള്ള ആദ്യ സെൻസസിന്റെ അടിസ്ഥാനത്തിൽ അടുത്ത മണ്ഡല പുനര്‍നിർണയം നടത്തണം’– എന്ന വ്യവസ്ഥ പൂർണമായും ഒഴിവാക്കും. ഇതിലൂടെ 2026 സെൻസസ് പൂർത്തിയാകുന്നതിന് മുന്പ് മണ്ഡലപുനര്‍നിർണയം നടത്താന്‍ സാധിക്കും. 2011 സെൻസസ് കണക്കുകൾ മണ്ഡല പുനര്‍നിർണയത്തിന് ഉപയോഗിക്കാവുന്ന രീതിയിൽ ‘ജനസംഖ്യ’യുടെ നിർവചനത്തിലും മാറ്റങ്ങൾ വരുത്തി.










0 comments