ഉത്തരാഖണ്ഡിൽ യുവതിക്ക് നേരെ ടാക്സി ഡ്രൈവറുടെ അതിക്രമം; രക്ഷപ്പെടാൻ രാത്രിമുഴുവൻ വനത്തിൽ ഒളിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യാത്രക്കാരിക്ക് നേരെ ടാക്സി ഡ്രൈവറുടെ ബലാത്സംഗ ശ്രമം. ലൈംഗിക ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഡൽഹി സ്വദേശിനിയായ 31കാരി രക്ഷപ്പെട്ടത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതിക്ക് ഉത്തരാഖണ്ഡിലെ കാടിനുള്ളിൽ രാത്രി മുഴുവൻ ഒറ്റയ്ക്ക് കഴിയേണ്ടിവന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഡൽഹിയിൽ നിന്ന് ഡെറാഡൂൺ വഴി കാത്ഗോധാമിൽ എത്തിയ യുവതി നൈനിറ്റാളിലേക്ക് ഒരു ടാക്സി വാടകയ്‌ക്കെടുത്തു. യാത്രയ്ക്കിടെ പുലർച്ചെ 1.30 ഓടെ പട്വ ദംഗറിലെ വിജനമായ റോഡിലേക്ക് ഡ്രൈവർ ടാക്സി വഴിതിരിച്ചുവിട്ടു. എന്നാൽ നിശ്ചിത പാത മാറിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ യുവതി ചോദ്യം ചെയ്തു. തുടർന്ന് ഡ്രൈവർ വാഹനം നിർത്തി യുവതിയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
എതിർക്കാൻ ശ്രമിച്ചപ്പോൾ യുവതിയുടെ മൊബൈൽ ഫോൺ കൈക്കലാക്കുകയും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കയറിയ വനത്തിൽ രാത്രി മുഴുവൻ കഴിഞ്ഞു. മൊബൈൽ നഷ്ടപ്പെട്ടതിനാൽ ആരെയും ബന്ധപ്പെടാനായില്ല. വെള്ളിയാഴ്ച രാവിലെ പട്വ ദംഗറിലെത്തിയ യുവതി പൊലീസിൽ വിവരം അറിയിച്ചു.
യുവതിയെ പൊലീസ് ഉടൻ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ബലാത്സംഗം, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. സിസിടിവി ക്യാമറകൾ, ടാക്സിയുടെ നമ്പർ, ജിപിഎസ് സംവിധാനം എന്നിവ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ടാക്സി ഡ്രൈവറായ ദീപക് സിംഗ് ബോറ (39)യെ പൊലീസ് പിടികൂടി. ഹൽദ്വാനി നിവാസിയാണ് ഇയാൾ.
യുവതിയുടെ മോഷ്ടിച്ച മൊബൈൽ ഫോൺ ഇയാളിൽനിന്ന് കണ്ടെടുത്തതായും വാഹനം പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. നൈനിറ്റാളിൽ വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) മഞ്ജുനാഥ് ടിസി പറഞ്ഞു.











0 comments