Deshabhimani

വിലക്കുകള്‍ ലംഘിച്ചു, വിറച്ച് ഡല്‍ഹി

print edition യുവരോഷം

delhi

ഡിവെെഎഫ്‌ഐ, എസ്‌എ--ഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി ജന്തർമന്തറിലേക്ക് നീങ്ങുന്നു

avatar
കെ പി അക്ഷയ്‌

Published on Oct 03, 2026, 01:30 AM | 2 min read

ന്യൂഡൽഹി : ഗാന്ധിജയന്തി ദിനത്തില്‍ യുവജനരോഷത്തിന്റെ തീച്ചൂളയായി രാജ്യതലസ്ഥാനം. മോദി സർക്കാരിന്റെ തീട്ടൂ‍രങ്ങളും അമിത്‌ ഷാ നിയന്ത്രിക്കുന്ന ഡൽഹി പൊലീസിന്റെ വിലക്കുകളും മർദനങ്ങളും മറികടന്ന്‌ ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും ഡൽഹി ജന്തർമന്തറിൽ പ്രക്ഷോഭക്കൊടുങ്കാറ്റായി മാറി. ബിജെപി സര്‍ക്കാരിന്റെ കളിപ്പാവയായ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എഐഎസ്‌എഫ്‌, ഐസ‍ തുടങ്ങിയ സംഘടനകളും എഎപി പ്രവർത്തകരും മാർച്ച്‌ ചെയ്‌തതോടെ ഡൽഹി സാക്ഷ്യം വഹിച്ചത് ‘രണ്ടാം ജന്തർമന്തർ പ്രക്ഷോഭത്തിന്.’


ആയിരക്കണക്കിന്‌ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേൽപ്പിച്ച ഡല്‍ഹി പൊലീസ്‍, നേതാക്കളെയടക്കം കടുത്ത ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്‌ത്‌ നീക്കി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌, ഡിവൈഎഫ്‌ഐ പ്രസിഡന്റ്‌ എ എ റഹിം എംപി, പി സന്തോഷ്‌ കുമാർ എംപി, ആർജെഡി എംപി മനോജ് ഝാ, എഎപി എംപി സഞ്ജയ്‌ കുമാർ സിങ്‌, ഐസ അഖിലേന്ത്യാ പ്രസിഡന്റ്‌ നേഹാ ബോറ‍, സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവ് തുടങ്ങിയവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്‌തുനീക്കി.


ആയിരങ്ങളെ അണിനിരത്തിയ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ മുന്നേറ്റം പൊലീസ് വിലക്ക് ലംഘിച്ച് ജന്തര്‍മന്തറിലേക്ക് നീങ്ങിയ ‌യുവജനപ്രവാഹത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിരയായി മാറി. കേരളത്തിൽനിന്ന്‌ നൂറുകണക്കിനാളുകള്‍ രാജ്യതലസ്ഥാനെത്തി. പ്രതിഷേധത്തിന്‌ അനുമതി നിഷേധിച്ചതോടെ പണ്ഡിറ്റ്‌ രവിശങ്കർ ശുക്ല ലെയ്‌നിൽ സ്ഥിതി ചെയ്യുന്ന അഖിലേന്ത്യാ കിസാൻ സഭ ഓഫീസിൽനിന്ന്‌ ജന്തർമന്തറിലേക്ക്‌ നേതാക്കളും പ്രവർത്തകരും മൂന്ന് സംഘമായി മാർച്ച്‌ ചെയ്യുകയായിരുന്നു. ആദ്യസംഘത്തെ ഡിവൈഎഫ്‌ഐ പ്രസിഡന്റ്‌ എ എ റഹിം എംപി, ജനറൽ സെക്രട്ടറി ഹിമാഘ്നരാജ്‌ ഭട്ടാചാര്യ, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവരും നയിച്ചു.


എസ്‌എഫ്‌ഐ പ്രസിഡന്റ്‌ ആദർശ്‌ എം സജി നയിച്ച മൂന്നാം സംഘം വി പി ഹ‍ൗസിന്‌ സമീപത്തുനിന്ന് മാർച്ച്‌ ആരംഭിച്ചു. ആദ്യ രണ്ട്‌ സംഘങ്ങളും ഫിറോസ്‌ ഷാ റോഡിൽ സംഗമിച്ചതോടെ പരിസരം മനുഷ്യക്കടലായി മാറി. മഹാത്മാ ഗാന്ധി, ഭഗത്‌ സിങ്‌, ബി ആർ അംബേദ്‌കർ എന്നിവരുടെ ചിത്രങ്ങളുയർത്തിയാണ്‌ മാർച്ച്‌ നീങ്ങിയത്‌. മലയാള‍ം‍, ഹിന്ദി, തമിഴ്‌ മുദ്രാവാക്യങ്ങളും മുഴങ്ങി. ബാരിക്കേഡുകളും മറ്റ്‌ പ്രതിബന്ധങ്ങളും മറികടന്ന് പ്രവർത്തകർ ജന്തർമന്തറിലെത്തി. രാജ്യത്തെ യുവാക്കളെ തൊഴിൽ രഹിതരാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള താക്കീതായും ഡല്‍ഹിചലോ മാർച്ച്‌ മാറി.


പൊലീസ് അതിക്രമം


യുവജനപ്രവാഹത്തിന് മുന്നില്‍ വിറച്ച ഡൽഹി പൊലീസ്‌ നഗരത്തില്‍ ഇന്റർനെറ്റ്‌ നിരോധിച്ചു. 11 മെട്രോ സ്റ്റേഷൻ അടച്ചിട്ടു. ജന്തർമന്തറിലെത്തിയവരെ ക്രൂരമായാണ്‌ സുരക്ഷാസേനകൾ നേരിട്ടത്‌. ഡിവൈഎഫ്‌ഐ കേരളം സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎയുടെ കൈയൊടിച്ചു. യുവാക്കളെ ക്രൂരമായി മർദിച്ചു. പൊലീസ്‌ അറസ്റ്റ്ചെയ്‌ത യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്തുവന്നു. 70 ബസുകളാണ്‌ പ്രതിഷേധക്കാരെ നീക്കാൻ പൊലീസ്‌ ജന്തർമന്തർ പരിസരത്തെത്തിച്ചത്‌. രണ്ട്‌ മണിക്കൂറിലധികമെടുത്താണ്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരെ പൊലീസ്‌ സ്ഥലത്തുനിന്ന്‌ നീക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home