ഗതാഗത കുരുക്കിന്റെ നാലാം ദിവസം:ഡൽഹി -കൊൽക്കത്ത ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് വാഹനങ്ങൾ

ന്യുഡൽഹി: കഴിഞ്ഞ നാല് ദിവസമായി ഡൽഹി -കൊൽക്കത്ത ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് വാഹനങ്ങൾ. കഴിഞ്ഞ വെള്ളിയാഴ്ച ബീഹാറിലെ റോഹ്താസിൽ പെയ്ത കനത്ത മഴയെത്തുടർന്ന് റോഡ് നിർമാണ പ്രവർത്തകർ ദേശീയ പാത 19-ൽ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളെ വഴിതിരിച്ചു വിട്ടിരുന്നു. നിരവിധി റോഡുകൾ വെള്ളത്തിനടിയിലായതിനെത്തുടർന്നായിരുന്നു ഇത്.
വഴി തിരിച്ച വിട്ട റോഡുകളിലും നിറയെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ വെള്ളക്കിട്ടിറങ്ങാതെ നിൽക്കുന്നതും വാഹനങ്ങൾക്ക് നീങ്ങാൻ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. ഇങ്ങനെ ഗതാഗതക്കുരുക്ക് കൂടുതൽ വഷളായി.ഓരോ വാഹനവും നിൽക്കുന്നത് പരസ്പരം തൊട്ടു- തൊട്ടില്ല എന്ന മട്ടിലാണ്. ഗതാഗതക്കുരുക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.
അതേസമയം, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്ന് ആരോപണമുയരുന്നുണ്ട്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോ (NHAI) റോഡ് നിർമ്മാണ കമ്പനിയോ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.ചെറിയ കിലോമീറ്ററുകൾ താണ്ടാൻ പോലും മണിക്കൂറുകൾ എടുക്കും. ഹൈവേയിലെ ഗതാഗതക്കുരുക്ക് ഇപ്പോൾ ഔറംഗാബാദ് വരെ നീണ്ടിട്ടുമുണ്ട്. റോഹ്താസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണിത്.
“കഴിഞ്ഞ 30 മണിക്കൂറിനുള്ളിൽ ഞങ്ങൾ 7 കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചത്. ടോൾ, റോഡ് നികുതി എന്നിവ നൽകിയിട്ടും മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. ദേശീയപാത അതോറിറ്റിയോ (എൻ എച്ച് എ ഐ.) പ്രാദേശിക ഭരണകൂടമോ ഇവിടെ തിരിഞ്ഞുനോക്കുന്നില്ല,” - ഗതാഗത കുരുക്കിൽ കുടുങ്ങിയ ലോറി ഡ്രൈവർമാരിൽ ഒരാളായ പ്രവീൺ സിംഗ് പറഞ്ഞു. “രണ്ട് ദിവസമായി ഗതാഗതക്കുരുക്കിൽ കുടുങ്ങി. വിശന്നും ദാഹിച്ചും ദുരിതത്തിലാണ്. ഏതാനും കിലോമീറ്ററുകൾ പോലും താണ്ടാൻ മണിക്കൂറുകൾ എടുക്കുന്നു,” -മറ്റൊരു ലോറി ഡ്രൈവറായ സഞ്ജയ് സിംഗ് പ്രതികരിച്ചു.










0 comments