തോക്കുമായി സോഷ്യൽ മീഡിയയിൽ വീഡിയോ; 18കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: അനധികൃത തോക്കുകൾ കൈവശം വച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച 18കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗോകൽപുരി മേഖലയിലാണ് സംഭവം. മനീഷ് എന്ന കംഗ്ലാ (18) ആണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് രണ്ട് നാടൻ തോക്കുകൾ പൊലീസ് പിടിച്ചെടുത്തു.
വടക്കുകിഴക്കൻ ഡൽഹിയിലെ സഞ്ജയ് കോളനിയിൽ ബുധനാഴ്ച വൈകിട്ട് പട്രോളിങ്ങിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അനധികൃത തോക്കുകൾ കാട്ടി ഭീഷണി മുഴക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
പരിശോധനയ്ക്കായി പൊലീസെത്തിയപ്പോൾ ആദ്യം സഹകരിക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വീഡിയോകളിൽ കാണിച്ച ആയുധങ്ങൾ യഥാർഥമാണെന്നും അവ വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചത്.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് നാടൻ തോക്കുകൾ കണ്ടെത്തി. ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഗോകൽപുരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മനീഷിനെതിരെ നേരത്തെയും ഫർഷ് ബസാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു











0 comments