ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം: നാല് മരണം; രണ്ട് എൻജിനിയർമാർക്ക് സസ്‌പെൻഷൻ

video screenshot via PTI, ANI
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. മൂന്ന് നില വാണിജ്യ കെട്ടിടമാണ് ശനി രാത്രി തകർന്നുവീണത്. സംഭവത്തിൽ ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ (എംസിഡി) രണ്ട് എൻജിനിയർമാരെ സസ്‌പെൻഡ് ചെയ്തു.
സൈദുലജാബ് പ്രദേശത്തെ വെസ്റ്റേൺ മാർഗിലുള്ള കെട്ടിടമാണ് തകർന്നുവീണത്. ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കഫേകൾ, ഓഫീസുകൾ എന്നിവ സ്ഥിതി ചെയ്തിരുന്ന ഈ കെട്ടിടത്തിൽ സംഭവസമയത്ത് മുകളിലെ നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. എൻഡിആർഎഫ്, ഡിഎഫ്‌എസ്, ഡിഡിഎംഎ, ഡൽഹി പൊലീസ്, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താനായി സ്നിഫർ നായകളെയും വിന്യസിച്ചിരുന്നു.
കെട്ടിടം തകർന്നു വീണത് വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തൊട്ടടുത്തുള്ള താൽക്കാലിക കാന്റീന് മുകളിലേക്കാണ്. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. പത്തോളം പേരെ രക്ഷപെടുത്തി. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി.
കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട മേൽനോട്ടത്തിലെ വീഴ്ചകൾ ആരോപിച്ച് എംസിഡിയുടെ ദക്ഷിണ മേഖല ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ് പ്രകാരം, അസിസ്റ്റന്റ് എഞ്ചിനീയർ സുദേഷ് സിംഗ് ചൗഹാൻ, ജൂനിയർ എഞ്ചിനീയർ അമൻ ജെയിൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഫലപ്രദമായ മേൽനോട്ടം വഹിക്കാത്തതിനും ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തിയതിനുമാണ് സസ്പെൻഷനെന്ന് ഉത്തരവിൽ പറയുന്നു. കെട്ടിടം തകരാനുണ്ടായ യഥാർഥ കാരണം വ്യക്തമല്ല.










0 comments