ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വർഷങ്ങളായി ജയിലിൽ കഴിയുന്ന മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂൺ 1 മുതൽ 3 വരെ മൂന്ന് ദിവസമാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
അന്തരിച്ച അമ്മാവൻ്റെ മരണാനന്തര ചടങ്ങായ 'ചെഹ്‌ലം' ചടങ്ങിൽ പങ്കെടുക്കാനും, ജൂൺ 2-ന് നടക്കുന്ന അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുമായാണ് ഖാലിദ് 15 ദിവസത്തെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. മെയ് 19ലെ വിചാരണ കോടതിയുടെ അനുകൂലമല്ലാത്ത ഉത്തരവിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ഉമർ ഖാലിദിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ത്രിദീപ് പൈസ്, മുൻപ് സഹോദരിയുടെ വിവാഹത്തിന് ജാമ്യം അനുവദിച്ച കാര്യം ചൂണ്ടിക്കാണിച്ചു. എന്നാൽ ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ജാമ്യാപേക്ഷയെ എതിർത്തു. അമ്മയുടേത് ചെറിയ ശസ്ത്രക്രിയ ആണെന്നും സഹോദരിമാർക്ക് നോക്കാവുന്നതേയുള്ളൂ എന്നും, വേണമെങ്കിൽ പൊലീസ് അകമ്പടിയോടെ ഒരു ദിവസത്തെ സന്ദർശനം അനുവദിക്കാമെന്നും പൊലീസ് വാദിച്ചു.
എന്നാൽ അമ്മയെ പരിചരിക്കാൻ ഹൈക്കോടതി മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ചു. ജാമ്യകാലയളവിൽ ഖാലിദിൻ്റെ കൈവശം ഒരു മൊബൈൽ ഫോൺ മാത്രമേ പാടുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥനുമായി നിരന്തരം ബന്ധപ്പെടണമെന്നും കോടതി നിർദ്ദേശിച്ചു.










0 comments