അൽ ഫലാഹ് സർവകലാശാല കുരുക്കിൽ
print edition ജമ്മു കശ്മീരിൽ വ്യാപക റെയ്ഡ് ; ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകർ കസ്റ്റഡിയിൽ

ന്യൂഡൽഹി
രാജ്യത്തെ നടുക്കിയ ഡൽഹി സ്‌ഫോടനത്തിൽ സംശയനിഴലിലായ സംഘടനകളിൽ ജമ്മു കശ്‌മീരിലെ ജമാഅത്തെ ഇസ്‌ലാമിയും. സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കശ്‌മീരിൽ ജമാത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുൽഗാം, ശ്രീനഗർ, പഹൽഗാം, അനന്ത്‌നാഗ്, കുപ് വാര, ബന്ദിപുര, ബദ്ഗാം, ഷോപ്പിയാൻ തുടങ്ങി 12 ജില്ലയിലാണ് റെയ്‌ഡുകൾ.
തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെ തുടർന്ന് ജമ്മുകശ്‌മീരിൽ 2019 മുതൽ ജമാഅത്തെ ഇസ്‌ലാമിക്ക് നിരോധനമുണ്ട്. ഇതിനുശേഷവും താഴ്‌വരയിൽ പ്രവർത്തനം തുടര്‍ന്നു. കഴിഞ്ഞ വർഷം ജമ്മുകശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തിലേറെ സീറ്റിൽ ജമാത്തെ ഇസ്‌ലാമി സ്ഥാനാർഥികളെ നിർത്തി. മോദി സർക്കാരിന്റെ പിന്തുണയോടെയായിരുന്നു ഇൗ നീക്കം. നാഷണൽ കോൺഫറൻസും സിപിഐ എമ്മും കോൺഗ്രസും ഉൾപ്പെട്ട ഇന്ത്യ കൂട്ടായ്‌മയെ പരാജയപ്പെടുത്തുന്നതിനാണ് മോദി സർക്കാർ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയെ പ്രോത്സാഹിപ്പിച്ചത്. കുൽഗാമിൽ സിപിഐ എം സ്ഥാനാർഥി മുഹമദ് യൂസഫ് തരിഗാമിയുടെ പ്രധാന എതിരാളി ജമാഅത്തെ ഇസ്‌ലാമിയുടെ സയർ അഹമദ് റഷിയായിരുന്നു. എണ്ണായിരം വോട്ടിന് റഷി തോറ്റു.
ജമാഅത്തെ ഇസ്‌ലാമിക്ക് മോദി സർക്കാർ നൽകിയ പ്രോത്സാഹനം ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരശൃംഖലയുടെയും മറ്റും രൂപീകരണത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
അൽ ഫലാഹ് സർവകലാശാല കുരുക്കിൽ
ഡൽഹി ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഡോക്‌ടര്‍മാര്‍ ജോലിചെയ്‌ത ഹരിയാന ഫരീദാബാദിലെ അൽ ഫ-ലാഹ് സ്വകാര്യ സർവകലാശാല കുരുക്കിൽ. എന്‍ജിനീയറിങ്, ടീച്ചർ എഡുക്കേഷൻ വിഭാഗങ്ങൾക്ക് ‘നാക്’ അംഗീകാരമുണ്ടെന്ന് വെബ്‌സൈറ്റിൽ പരാമർശിച്ചതിൽ സർവകലാശാലയ്‌ക്ക് നാക് കാരണം കാണിക്കൽ നോട്ടീസയച്ചു. എന്‍ജിനീയറിങ്, ടീച്ചർ എഡുക്കേഷൻ വിഭാഗങ്ങളുടെ അംഗീകാരം യഥാക്രമം 2018ലും 2016ലും കാലഹരണപ്പെട്ടതാണെന്ന് നോട്ടീസിൽ പറഞ്ഞു. സർവകലാശാലയുടെ സാന്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാൻ ഇഡിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകിയതായി റിപ്പോര്‍ട്ടുണ്ട്. എല്ലാ രേഖകളുടെയും ഫോറൻസിക് ഓഡിറ്റ് നടത്താനും നിര്‍ദേശിച്ചു. അതിനിടെ അൽ ഫലാഹ് സര്‍വകലാശാലയുടെ അംഗത്വം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് സസ്പെൻഡ് ചെയ്തു.
ഡൽഹി ഓഖ്‌ല കേന്ദ്രീകരിച്ചുള്ള അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് സർവകലാശാല. ട്രസ്റ്റിന്റെ അധ്യക്ഷനായ ജവഹർ അഹമ്മദ് സിദ്ദിഖിക്ക് 25 വർഷം മുൻപ് 7.5 കോടിയുടെ വഞ്ചനാകേസിൽ മൂന്ന് വർഷം തടവുശിക്ഷ ലഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സിദ്ദിഖിക്ക് ഒമ്പത് കന്പനികളുണ്ട്.
1997ൽ എൻജിനീയറിങ് കോളേജായാണ് ആരംഭിച്ചത്. 2019ൽ 700 കിടക്കകളോടെ മെഡിക്കൽ കോളേജ് ആരംഭിച്ചു. 2023ൽ എംഡി സീറ്റുകളും മോദി സർക്കാർ അനുവദിച്ചു.
അസി.പ്രൊഫസറും എംഡി വിദ്യാര്‍ഥിയും കസ്റ്റഡിയിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥിയായ ഹാപ്പുര്‍ ജിഎസ് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഫറൂഖിനെ ഡൽഹി പൊലീസ് ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. യുപി കാൺപുരിൽ നിന്ന് ഒന്നാംവർഷ എംഡി വിദ്യാർഥി ജമ്മുകശ്‌മീർ സ്വദേശി ഡോ. മുഹമദ് ആരിഫിനെയും ഭീകരവിരുദ്ധ സ്ക്വാഡും കസ്റ്റഡിയിലെടുത്തു.









0 comments